പഴയങ്ങാടിയിലെ ഗതാഗത കുരുക്കിന് പരിഹാര നടപടി തുടങ്ങി ; എം.എൽഎയുടെ നേതൃത്വത്തിൽ ഡിവൈഡർ സ്ഥാപിച്ചു

10:45 AM Aug 12, 2025 | AVANI MV

പഴയങ്ങാടി: പഴയങ്ങാടിയിലും റെയിൽവേ അണ്ടർ പാസേജിലും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്കിനുള്ള പരിഹാര നടപടി ആരംഭിച്ചു. എം വിജിൻ എംഎൽഎ യുടെ നേതൃത്വത്തിൽ എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി  വരെ ഡിവൈഡർ സ്ഥാപിച്ചു. ഇനി മുതൽ എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ  റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ പോലീസ് പിഴ ചുമത്തും.

ബസുകൾ സ്റ്റാന്റിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ദിവസം നടപ്പിലാക്കും.പ്രായോഗികമാണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും.ബസ് സ്റ്റാന്റിൽ നിന്നും യാത്രക്കാരെ കയറ്റിയതിന് ശേഷം ബസ്സ് മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കും.എം അർ എ ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസം ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് കെ എസ് ടി പി റോഡിൽ നിന്നും പ്രവേശിക്കുന്നതിനും പെട്രോൾ പമ്പ് റോഡ് വഴി ഇറങ്ങുന്നതിനും സംവിധാനം ഉണ്ടാകും.

ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും ടൗണിലും പോലീസിന്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത്  ഒഴിവാക്കും.ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുജനങ്ങളും വ്യാപാരികളും  ഉൾപ്പെടെയുളളവരുടെ സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.പഴയങ്ങാടിയിലും റെയിൽവേ  അണ്ടർ പാസേജിലും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്ക്    പരിഹരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പോലീസ്, ആർടിഒ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, വ്യാപാരി -വ്യവസായി, ഓട്ടോ - ബസ് തൊഴിലാളി യൂണിയനുകൾ, രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായത്.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ, പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ പി.വി വിജേഷ്, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ നീന നാരായണൻ, കെ പത്മനാഭൻ, എംപി ഉണ്ണികൃഷ്ണൻ, ടി വി ചന്ദ്രൻ, കെ.വി മനോഹരൻ, പി.വി അബ്ദുള്ള, ശ്യാം വിസ്മയ, ഹാരീസ്,  പി.വി പത്മനാഭൻ തുടങ്ങിയവർ ഡിവൈഡർ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.