+

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പിണറായി:സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.2017ലെ ബജറ്റിൽ, വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇവിടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്.

Development of Rs 62,000 crore through KIIFB in five years: Chief Minister

48 മീറ്റർ നീളത്തിൽ റഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ ഇരു കരയിലും കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്്. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി. പദ്ധതി പ്രവർത്തന സജ്ജമായതോടെ 1360 ഏക്കറിൽ കൃഷി ഇറക്കാനാവും.

തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കാലപ്പഴക്കം വന്ന ചേക്കൂ പാലത്തിനു പകരം പുതിയ പാലം വേണ്ടതിനാൽ റെഗുലേറ്ററിനു മുകളിൽ പാലം കൂടി  നിർമിച്ചിട്ടുണ്ട്. കൊയിലാണ്ടി, വടകര ഭാഗത്തുള്ളർക്കും തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ പറ്റിയ റോഡാണിത്. ഭാവിയിൽ വിമാനത്താവള റോഡ് നാലുവരി ആക്കുമ്പോൾ രണ്ടു വരി പാത ഇതിനു മുകളിലൂടെ ആണ് പോവുക.ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.

കിഫ്ബി വഴി ഒട്ടേറെ ബൃഹദ് പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. സ്‌കൂളുകൾ, മേൽപ്പാലങ്ങൾ, ആശുപത്രി കെട്ടിടം അങ്ങനെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികൾ പൂർത്തിയായി. ഒട്ടേറെ പ്രവൃത്തികൾ നടന്നുവരുന്നു. പ്രാദേശിക വികസന പദ്ധതികൾക്കും സർക്കാർ ഊന്നൽ നൽകുന്നു. ചേക്കൂ പാലം ആർസിബി അതിനുദാഹരണമാണ്. സംസ്ഥാനപദ്ധതികളും പ്രാദേശിക വികസന പദ്ധതികളും നടപ്പാക്കി നവകേരള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. സംസ്ഥാനത്തൊട്ടാകെ 12 റെഗുലേറ്റർ കം ബ്രിഡ്ജുകളാണ് പ്രവൃത്തി നടക്കുന്നതെന്നും അവയിൽ ചേക്കൂ പാലം ഉൾപ്പെടെ നാലെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. കൃഷിയിടം, കുടിവെള്ളം, ജലസ്രോതസ്സുകൾ എന്നിവ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു നടപ്പാക്കി. ജൽജീവൻ മിഷൻ വഴി മൂന്നര വർഷം കൊണ്ട് 44 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം ത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. നിയമസഭാസ്പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രത്‌നകുമാരി, കെഐഐഡിസി സിഇഒ എസ് തിലക്, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ രാജീവൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ മാസ്റ്റർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അംഗം കെ കെ ഷക്കീൽ, പിണറായി ഗ്രാമപഞ്ചായത്ത് അംഗം പി ജസ്‌ന, ഇറിഗേഷൻ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചീഫ് എൻജിനീയർ ബിനോയ് ടോമി ജോർജ്, രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ശശിധരൻ, സി. എൻ ചന്ദ്രൻ, വി. എ നാരായണൻ, ജോയ് കൊന്നക്കൽ, കെ.കെ ജയപ്രകാശ്, ആർ. കെ. ഗിരിധർ, എൻ.പി താഹിർ എന്നിവർ സംസാരിച്ചു.

facebook twitter