
കണ്ണൂർ : കണ്ണൂർ കൻ്റോൺമെൻ്റ് ഏരിയയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ.സുധാകരൻ എംപി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ പൊതുജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വിളക്കും തറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് കൂടിക്കാഴ്ചയിൽ കെ സുധാകരൻ എം പി പ്രധാനമായി ഉന്നയിച്ചത്.
നൂറ്റാണ്ടിന്റെ ചരിത്രത്തിന് സാക്ഷിയായ വിളക്കുംതറ മൈതാനം നിലവിൽ കണ്ണൂരിലെ പൊതുജനങ്ങൾക്ക് നഷ്ടമായ അവസ്ഥയാണ്. സെൻ്റ് മൈക്കിൾസ് സ്കൂളിനു മുൻപിൽ സ്ഥിതി ചെയ്യുന്ന മൈതാനം സൈന്യം പൂർണമായും ചുറ്റുവേലി കെട്ടി അടച്ചിരിക്കുകയാണ് . കണ്ണൂർ നഗരത്തിൽ നടക്കുന്ന പൊതു പരിപാടികളുടെ തുടക്കം ഉണ്ടാകാറുള്ളത് വിളക്കുംതറ മൈതാനിയിൽ നിന്നാണ് . അതിനാൽ ഈ വിഷയം അടിയന്തരമായി പരിഗണിച്ച് വിളക്കും തറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യാമ്പലത്ത് സൈന്യത്തിന്റെ അധീനതയിലുള്ള 65 സെന്റ് ഭൂമിയിൽ ഒരു ഓപ്പൺ മിലിട്ടറി മ്യൂസിയം നിർമ്മിക്കണമെന്ന ആവശ്യവും കെ.സുധാകരൻ എം പി മുന്നോട്ടു വെച്ചു. ഓപ്പൺ മിലിറ്ററി മ്യൂസിയം സ്ഥാപിക്കുന്നതോടുകൂടി പൊതുജനങ്ങൾക്ക് ദേശീയ ചരിത്രം ,യുദ്ധങ്ങൾ, സൈനിക സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ നേരിട്ട് അറിയാൻ അവസരമൊരുക്കും, ഇതു പ്രാവർത്തികമാക്കിയാൽ കണ്ണൂരിലേക്ക് ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. പൊതുജനങ്ങളിൽ സൈനികരുടെ സേവനത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ഓപ്പൺ മിലിട്ടറി മ്യൂസിയം വഴിയൊരുക്കുമെന്ന് രാജ് നാഥ് സിംഗ് മായുള്ള കൂടിക്കാഴ്ചയിൽ കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു.
കണ്ണൂർ കണ്ടോൺമെന്റ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. കൻ്റോൺമെന്റ് ഏരിയയിലെ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പല സർക്കാർ സേവനങ്ങളും സമയബന്ധിതമായി ലഭ്യമാവുന്നില്ല. ഈ വിഷയത്തിൽ പ്രതിരോധ വകുപ്പിന്റെ അടിയന്തരശ്രദ്ധ ഉണ്ടാവണമെന്ന് കെ സുധാകരൻ എം.പി ആവശ്യപ്പെട്ടു .ഡൽഹിയിൽ പ്രതിരോ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെ. സുധാകരൻ കൂടി കാഴ്ച്ച നടത്തിയത്.