മലപ്പുറം:മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. പ്രതി ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് (65) ഒളിവിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മമ്മദ് നടത്തുന്ന പെട്ടിക്കടയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനരയാക്കിയത് എന്നാണ് പൊലീസ് അറിയിക്കുന്നത്.
പെണ്‍കുട്ടിക്ക് മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവം പുറത്ത് പറയരുതെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വിവരങ്ങള്‍ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. ചെറുകാവ് പഞ്ചായത്ത് അംഗവും പ്രാദേശിക ലീഗ് പ്രവര്‍ത്തകരും ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാണ് ആരോപണം. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറയുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.