കേയി റുബാത്ത് ജനങ്ങൾ വഞ്ചിതരാവരുതെന്ന് ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി

09:45 AM Aug 13, 2025 | AVANI MV

കണ്ണൂർ: സൗദി അറേബ്യയിൽ മക്കയിൽ ഉണ്ടായിരുന്ന കേയി റുബാത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം പിരിക്കുന്ന കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കേയി കുടുംബമായോ താവഴികളുമായോ യാതൊരുവിധ ബന്ധവും ഇല്ലെന്ന് ഓടത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 നേരത്തെ തലശേരി പൊലിസിലും ബന്ധപ്പെട്ട അധികാരികളിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത പിരിവുകൾ നടത്തിയിരുന്നത് നിർത്തിവപ്പിച്ചിരുന്നു. എന്നാൽ അതേ ആളുകൾ വീണ്ടും കണ്ണൂർ കേന്ദ്രീകരിച്ചു വലിയതോതിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പണപ്പിരിവ് നടത്തുന്നുണ്ട്. സൗദി ഗവൺമെന്റിന്റെ ഔക്കാഫിൽ നിക്ഷിപ്തമായ കേയി റുബാത്ത് നഷ്ടപരിഹാര സംഖ്യ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് കേയിമാരല്ലാത്ത പലരിൽ നിന്നും പണം പിരിക്കുന്നത്.

 വഖഫ് സ്വത്തിനുള്ള നഷ്ടപരിഹാര സംഖ്യ ആർക്കും വീതിച്ചു കൊടുക്കാൻ പറ്റുന്നതല്ല. അതിനാൽ ഇവരുടെ വലയിൽപ്പെട്ട് ആരും വഞ്ചിതരാകരുതെന്നും ഇത് സംബന്ധിച്ചുണ്ടാവുന്ന ഒരു നഷ്ടത്തിനും കേയി കുടുംബത്തിന് ബന്ധമുണ്ടാകില്ലെന്നും കേയി കുടുംബത്തിന്റെ മുഴുവൻ പ്രാതിനിധ്യ സ്വഭാവമുള്ള മഹൽ കമ്മിറ്റിയായ തലശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ  സി.ഓ.കെ അലവി കേയി, സി.ഒ.ടി അമീർ അലി കേയി, സി.കെ.പി അബ്ദുറഹ്മാൻ കേയി, സി.കെ.പി റയീസ് കേയി, സി.ഒ.ടി ജംഷിത് കേയി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.