അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു

09:39 AM Aug 15, 2025 | AVANI MV


തളിപ്പറമ്പ് :പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ എല്ലാ മേഖലയിലും ഉയർത്തിക്കൊണ്ടുവന്ന് പുതിയ കാലത്തേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ  കുറ്റിക്കോൽ, നെല്ലിപ്പറമ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെയേ അടിസ്ഥാന വിഭാഗത്തെ മുൻനിരയിൽ എത്തിക്കാൻ സാധിക്കൂ. വിജ്ഞാന കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജോലിക്കായി തെരഞ്ഞെടുത്തത് പട്ടികജാതി വിഭാഗം  ഉദ്യോഗാർഥികളെയാണെന്നും അത്  സർക്കാർ ഈ വിഭാഗത്തെ ചേർത്തു പിടിക്കുന്നതിന് ഉദാഹരണമാണെന്നും  മന്ത്രി പറഞ്ഞു. എല്ലാ ഉന്നതികളിലേക്കും റോഡ് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗകര്യങ്ങളില്ലാതെ പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടിക വർഗ്ഗ ഉന്നതികളെ സംരക്ഷിക്കുകയും അവിടെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവിക്കുന്ന, 25 അല്ലെങ്കിൽ അതിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികളെ തെരഞ്ഞെടുത്ത് അവിടത്തെ ആവശ്യങ്ങൾ വിലയിരുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്.

കുറ്റിക്കോലിൽ വകുപ്പിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയിൽ നടപ്പാത, ഡ്രൈനേജ് നിർമ്മാണം, വീട് റിപ്പയർ, റോഡ് റീടാറിംഗ്, സോളാർ സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്റ്റ്‌ എഞ്ചിനീയർ ജീന റിപ്പോർട്ട്‌ അവതരണം നടത്തി. തളിപ്പറമ്പ് നഗരസഭാ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി, തളിപ്പറമ്പ് മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി മുഹമ്മദ്‌ നിസ്സാർ, തളിപ്പറമ്പ് മുൻസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ,തളിപ്പറമ്പ് മുൻസിപ്പാലിറ്റി കൗൺസിലർ ഇ കുഞ്ഞിരാമൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, കുറ്റിക്കോൽ നഗർ പ്രതിനിധി കെ ഷാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

നെല്ലിപ്പറമ്പിൽ 2016- 17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയിൽ നടപ്പാത, ഡ്രൈനേജ് നിർമ്മാണം, വീട് റിപ്പയർ, റോഡ് കോൺക്രീറ്റ്, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം തുടങ്ങിയ  പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് ടി ഷീബ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ, പരിയാരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ ഗോപാലൻ, വാർഡംഗങ്ങളായ സാജിത, അനിത, പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, സി എച്ച് വിജയൻ, കെ എം പ്രവീൺ എന്നിവർ സംസാരിച്ചു.