കണ്ണൂർ :ഉപ്പേരി മുതൽ കറിമസാലകൾ വരെ വിരൽതുമ്പിൽ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയിൽ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ്മാർട്ട് ദ കുടുംബശ്രീ സ്റ്റോർ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ഓണത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് ഗിഫ്റ്റ് ഹാംപറുകളും ആപ്പിൽ തയാറായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ആയിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർട്ടിൻ ലഭ്യമാവുക.
ശർക്കര വരട്ടി, ചിപ്സ്, പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി ഇവയെല്ലാം അടങ്ങുന്നതാണ് കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപർ. സംസ്ഥാന തലത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ട ഈ ഉത്പന്നങ്ങൾ 799 രൂപയ്ക്ക് പോക്കറ്റ് മാർട്ടിലൂടെ സ്വന്തമാക്കാം.
സംരംഭകർക്ക് അധിക വരുമാനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗിഫ്റ്റ് ഹാംപറുകൾ തയ്യാറാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ നൂറിലധികം ഉത്പന്നങ്ങളും ആപ്പിലൂടെ വാങ്ങാനാകും.
തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓർഡർ അനുസരിച്ച് ഗിഫ്റ്റ് ഹാംപർ തയ്യാറാക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗിഫ്റ്റ് ഹാംപർ വാങ്ങുമ്പോൾ ഫോട്ടോയും ഓണാശംസകളും ചേർത്ത് പ്രത്യേകം രൂപകൽപ്പനചെയ്യുന്ന ആശംസാകാർഡും സമ്മാനിക്കാം. ഇതിനായി ഓർഡർ ചെയ്യുമ്പോൾ ഫോട്ടോ അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്. ജില്ലയിലെ ജിഎസ്ടി രജിസ്‌ട്രേഷൻ ഉള്ള കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങളും പോക്കറ്റ് മാർട്ട് വഴി ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. സംസ്ഥാനത്ത് എവിടെനിന്നും ആപ്പിലൂടെ ഓർഡർ ചെയ്യാൻ കഴിയും.