കണ്ണൂർ മാടായിപ്പാറയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

09:44 AM Aug 21, 2025 | Neha Nair

പഴയങ്ങാടി : മാടായിപ്പാറയിൽ ഒന്നരകിലോഗ്രാം കഞ്ചാവുമായി പിലാത്തറ സ്വദേശിയായയുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തിൽ താമസക്കാരനായ കൊറ്റയിലെപുരയിൽ വീട്ടിൽ കെ.പി. അഫിദ്(21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.വൈ.ജസ്‌റലിയും സംഘവും ചേർന്ന് പിടികൂടിയത്.

പയ്യന്നൂർ, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂൾ കോളേജ് വിദ്യർത്ഥികൾക്ക് ലഹരി എത്തിക്കുന്ന പ്രധാന വിൽപ്പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാടായിപാറയിൽ വെച്ചാണ് നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ട ഇയാളെ പിടികൂടിയത്. എക്‌സൈസ് ടീം മാസങ്ങളായി അഫിദിനെ നിരീക്ഷിച്ചുവരികയായിരുന്നു. അസി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം.പി.സർവഞ്ജൻ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സി.പങ്കജാഷൻ, വി.പി.ശ്രീകുമാർ, പി.പി.രജിരാഗ്(എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം), സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.രമിത്ത്, കെ.അമൽ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.