കുറുമാത്തൂർ പഞ്ചായത്തിൽ വ്യാപകമായി യു.ഡി.എഫ് വോട്ടുകൾ തള്ളുവാനുള്ള സി.പി.എമ്മിൻ്റെ ശ്രമം പ്രതിഷേധാർഹം ; യു.ഡി.എഫ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി

04:16 PM Aug 21, 2025 | Neha Nair

തളിപ്പറമ്പ : കുറുമാത്തൂർ പഞ്ചായത്തിൽ വ്യാപകമായി യു.ഡി.എഫ് വോട്ടുകൾ തള്ളുവാനുള്ള സി.പി.എമ്മിൻ്റെ ശ്രമം പ്രതിഷേധാർഹമെന്ന്  യു.ഡി.എഫ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആയിരത്തോളം യഥാർത്ഥ വോട്ടർമാരുടെ വോട്ട് തള്ളാനുള്ള ശ്രമം എന്തു വില കൊടുത്തും തടയുമെന്നും ഭാരവാഹികൾ പറഞ്ഞു.

യാതൊരു രേഖകളും ഇല്ലാതെയും തെറ്റായ വിവരങ്ങൾ നൽകിയും യഥാർത്ഥ വോട്ടർമാരുടെ വോട്ട് തള്ളിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.  പുതിയ വോട്ടർ പട്ടികയിൽ നിന്നും ആയിരത്തോളം യു.ഡി.എഫ് വോട്ടർമാരെയാണ്  അകാരണമായി നീക്കം ചെയ്യാൻ സി.പി.എം നേതൃത്വത്തിൽ കള്ള പരാതി നൽകിയിരിക്കുന്നത്. 

പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരെ ഭരണ സ്വാധീനം വെച്ച് സമ്മർദ്ദത്തിലാക്കിയും ഭീഷണിപെടുത്തിയുമാണ് വോട്ട് തള്ളാൻ ശ്രമിക്കുന്നത്. യഥാർത്ഥ വോട്ടർമാർക്ക് പഞ്ചായത്തിൽ നിന്നും നോട്ടീസ് കൈപ്പറ്റുമ്പോൾ അവരുടെ രേഖകളുമായി പഞ്ചായത്തിൽ പോയി സ്വന്തം വോട്ട് തെളിയിച്ചു കൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാൽ വോട്ടർമാർക്കെതിരെ പരാതി ഉന്നയിച്ച ആളുകൾ ഹാജരാകുകയോ അവരുടെ പരാതിക്ക് അടിസ്ഥാനമായ രേഖകൾ ഹാജരാക്കുകയോ ചെയ്യുന്നുമില്ല. നേരത്തെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ ജനഹിതം സി.പി.ഐ.എം അട്ടിമറിക്കാൻ കുറുമാത്തൂർ പഞ്ചായത്തിൽ നടത്തിയ ശ്രമത്തിനെതിരെ യു.ഡി.എഫ് കമ്മറ്റി ഡിലിമിറ്റേഷൻ കമ്മറ്റിക്ക് അപ്പീൽ ബോധിപ്പിച്ചുവെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച്  അട്ടിമറിച്ചിരുന്നു. 

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ യു.ഡി.എഫിന് ഉണ്ടായി കൊണ്ടിരിക്കുന്ന ജനസ്വാധീനത്തിൽ വിറളി പൂണ്ടാണ് യഥാർത്ഥ വോട്ടർമാരുടെ വോട്ട് തള്ളിക്കാൻ ഇപ്പോൾ കള്ള പരാതി നൽകി ശ്രമിക്കുന്നത്. സി.പി.എമ്മിനും അവർക്കു കൂട്ടുനിൽക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുവാനുമാണ് തീരുമാനമെന്നും യു.ഡി.എഫ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൻ യു.ഡി.എഫ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ കെ. മുജീബ് റഹ്മാൻ, കെ. ഷൗക്കത്തലി, കെ. ശശിധരൻ, കെ.വി നാരായണൻ എന്നിവർ പങ്കെടുത്തു.