+

കൃഷ്ണപ്പാട്ട് പാടി അമ്മമാർ ; കൃഷ്ണഗാഥ പിറന്ന മണ്ണിൽ, അമ്പാടിലീലകളുമായി കുട്ടികൾ

മലയാളത്തിലെ ആദ്യ പച്ചമലയാള മഹാകാവ്യം പാടി അമ്മമാരെത്തിയപ്പോൾ ഓണക്കളികളുമായി കുട്ടികളും അരങ്ങു കൊഴുപ്പിച്ചു. ഇതോടെകുന്നാവ് അക്ഷരാർത്ഥത്തിൽ അമ്പാടിയായി.

ചിറക്കൽ : മലയാളത്തിലെ ആദ്യ പച്ചമലയാള മഹാകാവ്യം പാടി അമ്മമാരെത്തിയപ്പോൾ ഓണക്കളികളുമായി കുട്ടികളും അരങ്ങു കൊഴുപ്പിച്ചു. ഇതോടെകുന്നാവ് അക്ഷരാർത്ഥത്തിൽ അമ്പാടിയായി.ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പിറന്ന  കോലത്തുനാടിൻ്റെ മണ്ണിൽ വ്യത്യസ്തമായൊരു ഓണാഘോഷത്തിനാണ്  സാക്ഷ്യം വഹിച്ചത്. സി.എം. എസ്.  ചന്തേരമാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിൽ "കൃഷ്ണഗാഥ മലയാളത്തിൻ്റെ ചിങ്ങപ്പാട്ട് "എന്ന പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടിയാണ് നവ്യാനുഭവമായത്.

ചിറക്കൽ കിഴക്കേക്കര മതിലകം ,കടലായി, മൊളോളം എന്നീക്ഷേത്രങ്ങളിൽ നിന്നുമുള്ള അമ്മമാർ കൃഷ്ണഗാഥ പാടി രാവിലെ ചിറക്കൽ കുന്നാവിലെ ദുർഗാംബിക സ്കൂളിലെത്തിയപ്പോൾ ആരതിയുഴിഞ്ഞ് പ്രാർത്ഥനയും അഗ്നിഹോത്രി ഹോമവും നടത്തി കുട്ടികൾ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു.

സ്കൂൾ വരാന്തയിലെ ഓണപൂക്കളം കണ്ട്  വിദ്യാലയ ഹാളിലെത്തിയ അമ്മമാർ പിന്നെ കൃഷ്ണപ്പാട്ടിൻ്റെ വിവിധ ശൈലികളും ഈണങ്ങളും പരിചയപ്പെടുത്തി. ഓണവേഷങ്ങളും ഓണക്കളികളും കുസൃതികളുമായി കുട്ടികൾ കൃഷ്ണപ്പാട്ടുപാടുന്ന അമ്മമാരേയും ചടങ്ങിൻ്റെ ഉദ്ഘാടകനായ ചിറക്കൽ കോവിലകം  പൂരുരുട്ടാതി തിരുന്നാൾ സി.കെ.രാമവർമ്മ വലിയരാജയേയും പത്നി വിജയലക്ഷ്മി തമ്പുരാട്ടിയുടെയും അടുത്തെത്തിയത് കൗതുകമായി.

സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് മുഖ്യഭാഷണം നടത്തി. വിദ്യാനികേതൻ  പ്രസിഡൻ്റ് മൊളോളത്തില്ലം ഹരികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.  സപ്താഹആചാര്യ ഗീതാ രാജൻ, അഡ്വ വി. ബാലകൃഷ്ണൻ നമ്പീശൻ, എം. പി. ബാലൻ മാസ്റ്റർ, വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ  അനില പ്രേംജിത്ത്, കൂടാളി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക ഷീമ, ചിറക്കൽ രാജാസ് യുപി മുൻ അധ്യാപിക രാധാമണി, ഡോ. പ്രമീള ജയറാം പള്ളിക്കുന്ന്, ശോണിമ , സിംന അജിത്ത് എന്നിവർ പ്രസംഗിച്ചു.

കൃഷ്ണഗാഥ പാരായണത്തിൻ്റെ വിവിധ തരത്തിലുള്ള തനതു ശൈലികളും ഈണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം സി.കെ. കേരളവർമ്മവലിയരാജയും പത്നിവിജയലക്ഷ്മിതമ്പുരാട്ടിയും ചേർന്ന് നിർവഹിച്ചു. ഗീതാ രാജൻ, രാജേശ്വരി മൊളോളം, ശ്രീദേവി തമ്പുരാട്ടി, ചിത്രകാരി എൻ. കെ. ജമുന, റിട്ടയേർഡ് തഹസിൽദാർ ഉഷ രാധാകൃഷ്ണൻ,  ഉഷ ഉണ്ണികൃഷ്ണൻ ഹേമാംബിക, രാധാമണി ടീച്ചർ കടലായി, മല്ലികകിഴക്കേകര , തുടങ്ങിയവർ കൃഷ്ണപ്പാട്ടിൻ്റെ വിവിധ ശൈലികൾ പരിചയപ്പെടുത്തി.

ചിങ്ങത്തിൽ കോലത്തുനാട്ടിൽ കൃഷ്ണഗാഥ പാരായണം ചെയ്തു വരുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി സംഘവഴക്ക ഗവേഷണപീഠം അമ്മമാരുടെ നേതൃത്വത്തിൽ കൃഷ്ണപ്പാട്ട് വഴക്കം എന്ന പേരിൽ കൂട്ടായ്മ  രൂപീകരിച്ചിട്ടുണ്ട്. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗീതാ രാജൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കൃഷ്ണ പാട്ട്  സമ്പൂർണ പാരായണം രാവിലെ ആറിന് ആരംഭിക്കും.

facebook twitter