കണ്ണൂർ : കേരളത്തിൻ്റെ തനത് കലയായ തിരുവാതിരക്കളിയുടെ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ട് പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടി തിരുവാതിരക്കളിയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന കലാകൂട്ടായ്മയായ താളം കണ്ണൂർ ഒന്നാം വാർഷികാഘോഷവും അഖില കേരള തിരുവാതിരക്കളി മത്സരവും ആഗസ്റ്റ് 31 ന് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 ന് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ. സുമിത നായർ ഉദ്ഘാടനം ചെയ്യും. താളം ഗ്ളോബൽ ചെയർമാൻ രാജീവ് മേനോൻ മുഖ്യാതിഥിയാകും. താളം രക്ഷാധികാരി അനിൽ കെ. ഗോപിനാഥ്, എം.രത്നകുമാർ, ആർടിസ്റ്റ് ശശികല, മഞ്ജു എസ് മാരാർ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ലീലാമണി ടീച്ചർ തിരുവാതിര മത്സര വിജയികൾക്ക് സമ്മാനദാനം നടത്തും. വാർത്താ സമ്മേളനത്തിൽ താളം ഭാരവാഹികളായ പ്രസിഡൻ്റ് സി.എം പ്രസീത,സെക്രട്ടറി സലിന സതീഷ്, ട്രഷറർ മഞ്ജു എസ്. മാരാർ, രക്ഷാധികാരി അനിൽ കെ. ഗോപിനാഥ്, പോഗ്രാം കൺവീനർ പി.എം ജയശ്രി എന്നിവർ പങ്കെടുത്തു.