+

മോശം കമന്റില്‍ രണ്ട് ദിവസം ട്രോമ ഉണ്ടായിരുന്നു, പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ആ രംഗം ചര്‍ച്ചയായെന്നറിഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടി ; സംഗീത്

ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പെണ്‍കുട്ടിയോട് നന്ദിയുണ്ടെന്നും സംഗീത് അഭിമുഖത്തില്‍ പറഞ്ഞു.

റീലീസ് സമയത്ത് ആരും ശ്രദ്ധിക്കാതെ പോയിരുന്ന സീനായിരുന്നു തുടരും സിനിമയിലെ സംഗീത് പ്രതാപിന്റെ ഇമോഷണല്‍ രംഗം. പിന്നീട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ രംഗം ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ച് പറയുകയാണ് സംഗീത്. ഇമോഷണല്‍ പരിപാടി എനിക്ക് പിടിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം ആ സീന്‍ ചെയ്തപ്പോള്‍ കിട്ടിയിരുന്നുവെന്നും എന്നാല്‍ സിനിമ കണ്ട തന്റെ ഒരു സുഹൃത്ത് തന്റെ കരച്ചില്‍ ബോര്‍ ആയിരുന്നുവെന്ന് പറഞ്ഞെന്നും സംഗീത് പറയുന്നു.

രണ്ട് ദിവസം ട്രോമ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആളുകളിലേക്ക് ആ രംഗം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും അത് നല്‍കിയ ആത്മവിശ്വാസം വലുതാണെന്നും സംഗീത് പറഞ്ഞു. ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പെണ്‍കുട്ടിയോട് നന്ദിയുണ്ടെന്നും സംഗീത് അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ ഭയങ്കര സെന്‍സിറ്റീവായ ആളാണ്. എന്റെ ഫ്രണ്ട് എന്നെ വിളിച്ച് പറഞ്ഞു തുടരും സിനിമയിലെ എന്റെ പരിപാടി അവന്റെ ഫ്രണ്ടിന് ഒട്ടും വര്‍ക്ക് ആയില്ല എന്ന്. ഞാന്‍ കരയുന്ന ആ രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് ആ സീനില്‍ സന്തോഷം കിട്ടിയിരുന്നു. പക്ഷെ എന്റെ ഫ്രണ്ട് പറഞ്ഞു, നിന്റെ കരച്ചില്‍ ഭയങ്കര ബോര്‍ ആയിരുന്നു എന്ന്. അത് അവന്‍ എടുത്തു പറഞ്ഞു.
ഇമോഷണല്‍ പരിപാടി എനിക്ക് പിടിക്കാന്‍ പറ്റും എന്ന വിശ്വാസത്തില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്. പക്ഷെ തകര്‍ന്ന് പോയി. അതിന്റെ വിഷമത്തില്‍ രണ്ട് ദിവസം, ഞാന്‍ നടന്നു. ചില നടന്മാരെ നമ്മള്‍ പറയാറില്ലേ അവര്‍ക്ക് കരയുന്നത് പറ്റില്ല എന്ന്. ഞാന്‍ അതില്‍പ്പെട്ട ആളാണെന്ന് എനിക്ക് തോന്നി. കാരണം ആരും പറഞ്ഞിട്ടില്ല ഇത് നല്ലതാണെന്ന്, ഒരാള്‍ എടുത്ത് പറഞ്ഞു മോശം ആണെന്ന്.
അങ്ങനെ ഇരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടി ഇട്ട പോസ്റ്റ് വരുന്നത്. ഇത് വായിച്ചപ്പോള്‍ ഒരാളെങ്കിലും ഇത് നോട്ട് ചെയ്തല്ലോ എന്ന സന്തോഷം എനിക്ക് ഉണ്ടായി. പിന്നെ ഇതിന്റെ ട്രോളുകള്‍ വരാന്‍ തുടങ്ങി. പെട്ടന്ന് അത് വലിയ ശ്രദ്ധ നേടി. ആ പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകളില്‍ പലരും എന്റെ ആ രംഗത്തിലെ അഭിനയം ശ്രദ്ധിച്ചിരുന്നു എന്ന് പറയുമ്പോള്‍ അത് പ്രശംസയായാണ് ഞാന്‍ കൂട്ടിയത്. അതിന് ശേഷം ആ ട്രോമ മാറി. ആ പെണ്‍കുട്ടിയോട് എനിക്ക് നന്ദിയുണ്ട്; സംഗീത് പ്രതാപ് പറഞ്ഞു.

facebook twitter