+

കണ്ണൂരിൽ വീട്ടിൽ നിന്നും നാലര പവൻ സ്വർണാഭരണങ്ങളും 9 ലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായത് ബന്ധുവായ 19 വയസുകാരൻ

വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളിയിൽ ഇരുനില വീടിൻ്റെ വാതിൽ കുത്തി തുറന്ന് കവർച്ച നടത്തിയ വീട്ടുകാരുടെ അടുത്ത ബന്ധുവായ 19 വയസുകാരൻ.

വളപട്ടണം : വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളിയിൽ ഇരുനില വീടിൻ്റെ വാതിൽ കുത്തി തുറന്ന് കവർച്ച നടത്തിയ വീട്ടുകാരുടെ അടുത്ത ബന്ധുവായ 19 വയസുകാരൻ. വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച നാലര പവൻ്റെ സ്വർണാഭരണങ്ങളും ഒൻപതു ലക്ഷം രൂപയും കവർന്ന ചിറക്കൽ കാട്ടാമ്പള്ളി പരപ്പിൽ വയലിൽ പി. മുഹമ്മദ് റിഫാനയാ (19) ണ് വളപട്ടണം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.വിജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. 

മോഷണം നടത്തിയതിനു ശേഷവും ആർക്കും സംശയം വരാത്ത വിധത്തിൽ യുവാവ് വീട്ടിലും പരിസര പ്രദേശങ്ങളിലും പൊലിസ് അന്വേഷണ സമയത്തുണ്ടായിരുന്നു. എന്നാൽ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് യുവാവിനെ കുറിച്ചു വ്യക്തമായ സൂചന പൊലിസിന് ലഭിച്ചത്.

ബുധനാഴ്ച്ച  പുലർച്ചെയാണ് പരപ്പിൽ വയലിലെ പി. ഫാറൂഖിൻ്റെ മാതാവും സഹോദരിയും താമസിക്കുന്ന തറവാട്ട് വീട്ടിൽ കവർച്ച നടന്നത്. ബുധനാഴ്ച്ച പുലർച്ചെ വീടിൻ്റെ മുകൾനിലയിലെ പുറകുവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന യുവാവ് ഫാറൂഖിൻ്റെ മാതാവ് താമസിക്കുന്ന മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്. തുടർന്ന് വളപട്ടണം പൊലിസ് ഇൻസ്പെക്ടർ വിജേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടെ അടുത്ത ബന്ധുവായ യുവാവ് കുടുങ്ങിയത്. 

വീടിനെ കുറിച്ചു നന്നായി അറിയാവുന്ന ആരെങ്കിലുമാണ് മോഷണം നടത്തിയതെന്ന് പൊലിസിന് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതു പ്രകാരം നടത്തിയ സി.സി.ടി.വി ക്യാമറാ പരിശോധനയിലാണ് കുടുംബത്തിൻ്റെ ബന്ധുവായ യുവാവ് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അപഹരിച്ച പൊന്നും പണവും കൊണ്ടു നാടുവിടാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം നടന്ന് 24 മണിക്കൂറിൻ്റെ ഇടവേളയ്ക്കിടെയാണ് വളപട്ടണം പൊലിസ് പ്രതിയെ പിടികൂടിയത്.

facebook twitter