+

'വീട് വാടകയ്ക്ക് എടുത്തത് അനൂപണ് , കൃത്യമായി വാടക തരുമായിരുന്നു ; കൊല്ലപ്പെട്ടയാളെ അറിയില്ല' ; വീട്ടുടമ ദേവി

കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി വീട്ടുടമ ദേവി. വീട് വാടകയ്ക്ക് എടുത്തത് അനൂപെന്ന് വീട്ടുടമ ദേവി പറഞ്ഞു.

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി വീട്ടുടമ ദേവി. വീട് വാടകയ്ക്ക് എടുത്തത് അനൂപെന്ന് വീട്ടുടമ ദേവി പറഞ്ഞു. കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിനെ അറിയില്ലെന്നും വീട്ടിൽ പോയപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടിട്ടില്ലെന്നും ദേവി മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരിൽ സ്പെയർ പാർട്ട്സ് കട നടത്തുന്നവർ എന്നാണ് ഇവർ പരിചയപ്പെടുത്തിയതെന്നും വാടക കൃത്യമായി തന്നിരുന്നുവെന്നും ദേവി പറഞ്ഞു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വീട് നോക്കാൻ പോയിരുന്നു. അവിടെ വളരെ വൃത്തിയായിട്ടാണ് സൂക്ഷിച്ചിരുന്നതെന്നും ദേവി പറഞ്ഞു. വാടകയ്ക്ക് കൊടുക്കാനായി ബോർഡ് വെച്ചിരുന്നുവെന്നും ഇത് കണ്ടിട്ടാണ് അവർ വീട് എടുത്തതെന്നും ദേവി വിശദമാക്കി.

അതേ സമയം, സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.

കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.

facebook twitter