കണ്ണൂർ:തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെൻറർ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 13 മുതൽ 20 വരെ നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ രാത്രി 9.30 വരെയാണ് കഥകളി മഹോത്സവം നടക്കുക.
കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്‌ണൻ ആശാൻ നേതൃത്വം നൽകും. യുവ തലമുറയിലെ പ്രമുഖ കലാകാരരും അരങ്ങേറും. കളിയരങ്ങിൽ "കോട്ടംതീർന്ന കോട്ടയംകഥകൾ" എന്ന കോട്ടയത്ത് തമ്പുരാന്റെ നാലു കഥകളും അവതരിപ്പിക്കും.കൂടാതെ സെപ്റ്റംബർ 14 മുതൽ 20 വരെ, രാവിലെ 10 മുതൽ 12 മണിവരെ, ആസ്വാദകർക്കും വളർന്നു വരുന്ന കലാകാരർക്കും വേണ്ടി കോട്ടയംകഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണൻ ആശാന്റെനേതൃത്വത്തിൽ കഥകളി ശില്പശാലയും സംശയനിവാരണവും ഉണ്ടാവും.വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ രാമചന്ദ്രൻ , ടി പ്രേമരാജൻ, സി കെ രവീന്ദ്രനാഥ്, മുരളി മുഴക്കുന്ന് എന്നിവർ പങ്കെടുത്തു.