+

മലയോരത്തിന് ആവേശം പകർന്ന് റൺ പാലക്കയം തട്ട് ; ഇരിക്കൂര്‍ ടൂറിസം മിനി മാരത്തൺ സമാപിച്ചു

ജില്ലയിലെ മലയോരത്തിന് ആവേശമായി ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ റൺ പാലക്കയം തട്ട് മിനി മാരത്തൺ സമാപിച്ചു.

ഇരിക്കൂർ : ജില്ലയിലെ മലയോരത്തിന് ആവേശമായി ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ റൺ പാലക്കയം തട്ട് മിനി മാരത്തൺ സമാപിച്ചു.
മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ടിന്റെയും പൈതൽമലയുടെയും താഴ് വാരത്തിലൂടെ മാരത്തൺ താരങ്ങൾ മാറ്റുരച്ചപ്പോൾ മലയോരജനതയ്ക്ക് ലഭിച്ചത് പുത്തൻ അനുഭവം. 

പയ്യാവൂരിൽ നടന്ന മാരത്തൺ ഫ്ലാഗ് ഓഫ് കെ.പി. മോഹനൻ എം എൽ എ, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിൻ രാജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വീനിത്, ധ്യാൻചന്ദ് പുരസ്കാര ജേതാവും അന്തർദേശീയ ബോക്സിംഗ് താരവുമായ കെ.സി ലേഖ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ടി.കെ പ്രിയ, സിനി ജോസ്, ടിയാന മേരി തോമസ്, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. അഡ്വ. സജീവ് ജോസഫ്  എം എൽ എ അധ്യക്ഷത വഹിച്ചു. 

സ്ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നും ആയിരത്തോളം പേർ പങ്കെടുത്തു. 18–35 വയസ്സുകാരുടെ പുരുഷ വിഭാഗത്തിൽ എം. പി നെബീൽ ഷാഹി (കോഴിക്കോട്), സതീഷ് കുമാർ (കോയമ്പത്തൂർ), ബെഞ്ചമിൻ ബാബു (ഇടുക്കി) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ റീബ അന്നാ ജോർജ് (പത്തനംതിട്ട) ശിവാനി (ഉത്തർ പ്രദേശ്), അഞ്ജു മുകുന്ദൻ (ഇടുക്കി) എന്നിവരാണ് വിജയികൾ.

Run Palakkayam Thatt brings excitement to the hilly terrain; Irikkur Tourism Mini Marathon concludes
 36–45 വയസ് പുരുഷ വിഭാഗത്തിൽ നഞ്ജപ്പ (തമിഴ്നാട്), വിനോദ് കുമാർ (ഊട്ടി), ജഗദീശൻ (തമിഴ്നാട്) എന്നിവർ മുന്നിലെത്തി. സ്ത്രീകളിൽ ആശ പത്രേയും (ബംഗളൂ രു) ജിനി ചെറിയാനും (കണ്ണൂർ) വിജയികളായി. 
46 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ജോസ് ഇല്ലിക്കൽ (വയനാട്), ശറഫുദ്ദീൻ (വയനാട്), എൻ.പി ഷാജി (കോഴിക്കോട്) എന്നിവർ വിജയികളായി. സ്ത്രീകളിൽ പി.എ ജെസീല (തൃശ്ശൂർ), കെ.കെ രമ (എറണാകുളം), ജ്യോതി പ്രവ (ആസ്സാം ) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഫൺ റൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഷിബിൻ ആന്റോ (കോട്ടയം), ആദർശ് ഗോപി (കണ്ണൂർ), അതുൽ (വടകര), റജിൽ ബാബു (ചങ്ങനാശ്ശേരി) എന്നിവരും സ്ത്രീകളിൽ ജി ജിൻസി (പാലക്കാട്), വി അഞ്ജന (പാലക്കാട്), എസ്.കെ വിജയലക്ഷ്മി (കർണാടക), നിയാമോൾ തോമസ് (ചെറുപുഴ) എന്നിവരും വിജയികളായി. 60 വയസ്സിനു മുകളിലുള്ള മത്സരാർഥികളെ പ്രത്യേകം ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

ആരോഗ്യ വകുപ്പ്, പോലീസ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളുടെയും  സഹകരണവുമുണ്ടായിരുന്നു. ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവർ മാരത്തണിൽ പങ്കെടുത്ത് 12.5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി.

പുലിക്കുരുമ്പയിൽ നടന്ന സമാപന ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് റോബർട്ട്‌ ജോർജ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംപള്ളിൽ, മിനി ഷൈബി, സാജു സേവ്യർ, കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂർ, ജില്ലാ മെഡിക്കൽ ഓഫീസർ പീയൂഷ് നമ്പൂതിരിപാട്, ഡി.ടി.പി.സി സെക്രട്ടറി സൂരജ്, ഇരിക്കൂർ ടൂറിസം കൗൺസിൽ ചെയർമാൻ പി.ടി മാത്യു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

facebook twitter