കണ്ണൂർ: അഷ്ടമിരോഹിണി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്ര നാടും നഗരവും അമ്പാടിയാക്കി. മയിൽപീലി കിരീടവും ഓടക്കുഴലുമേന്തിയ ഉണ്ണിക്കണ്ണൻമാരും നൃത്തചുവടുകളുമായി ഗോപികമാരും കാളിയ മർദ്ദനം,ഉണ്ണികണ്ണൻ ഉരൽ വലിച്ച മരങ്ങൾ കടപുഴക്കുന്ന നിശ്ചലദൃശ്യങ്ങൾ തുടങ്ങി പൗരാണിക മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന ഒട്ടേറെ പ്ളോട്ടുകളും നൃത്തശിൽപങ്ങളും ശോഭായാത്രയെ വർണാഭമാക്കി.
കണ്ണൂർ ജില്ലയിൽ 300 ശോഭായാത്രകളാണ് ഞായാറാഴ്ച്ച വൈകുന്നേരം അവതരിപ്പിക്കപ്പെട്ടത്.ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ 2500-ഓളം സ്ഥലങ്ങളിൽ പതാക ഉയർത്തി. കണ്ണൂർ ടൗൺ, ചക്കരക്കൽ, തലശ്ശേരി, ഇരിട്ടി, തില്ലങ്കേരി, പുന്നാട്, പാനൂർ, തൊക്കിലങ്ങാടി, പേരാവൂർ, തളിപ്പറമ്പ്, നടുവിൽ, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മഹാശോഭായാത്രകളാണ് നടന്നത്. പ്രധാനപ്പെട്ട നഗരങ്ങളിൽ മഹാശോഭായാത്രാ സംഗമങ്ങളും നടത്തി.
ഗ്രാമകേന്ദ്രങ്ങളിലും ചെറുതും വലുതുമായ ശോഭായാത്രകൾ നടത്തി. ഉണ്ണിക്കണ്ണൻമാർ, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗോപിക നൃത്തം മുതലായവ ശോഭായാത്രയിൽ നിറഞ്ഞുനിന്നു. സാംസ്കാരിക സമ്മേളനങ്ങൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്ണഗാഥ സദസ്സ് എന്നിവയും ജന്മാഷ്ടമിയുടെ ഭാഗമായി നടന്നു.
കണ്ണൂർ നഗരത്തിൽ വിളക്കും തറയിൽ നിന്നാരംഭിക്കുന്ന മഹാ ശോഭായാത്ര അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്ലാസ, റെയിൽവേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് വഴി തെക്കീ ബസാറിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൻ പരിസരത്ത് സമാപിച്ചു. മഹാശോഭയാത്ര നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗത കുരുക്കൊഴിവാക്കാൻ കനത്ത പൊലിസ് നിയന്ത്രണമുണ്ടായിരുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഹാ ശോഭായാത്ര ദർശിക്കാൻ റോഡരികിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ ബാലവൃദ്ധം ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.