കണ്ണൂരിൽ ഇരുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി ജലസുരക്ഷാ ക്യാമ്പയ്ന്‍ സമാപിച്ചു

08:43 PM Sep 14, 2025 | Kavya Ramachandran

പയ്യന്നൂര്‍: ഏഴ് ഘട്ടങ്ങളിലായി കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാഡമി ഏഴിമല എകെജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവന്ന ജല സുരക്ഷാ ക്യാമ്പയ്ന്‍ സമാപിച്ചു. 136 പേര്‍ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കിയാണ് ക്യാമ്പയ്ന്‍ സമാപിച്ചത്.

ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂലൈ 25-നാണ് കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജല സുരക്ഷാ ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഏഴ് ഘട്ടങ്ങളിലായാണ് ക്യാമ്പയ്‌ന്റെ ഭാഗമായുള്ള വിവിധ പരിശീലനങ്ങള്‍ നടന്നത്. ഡോ. ചാള്‍സണ്‍ ഏഴിമല നേതൃത്വം നല്കിയ പരിശീലനങ്ങൾക്ക് മക്കളായ വില്യംസ് ചാൾസൺ ( കേരള പോലീസ് കോസ്റ്റൽ വാർഡൻ ) മകൾ ജാസ്മിൻ ചാൾസണും സഹപരിശീലകരായി. സെപ്ത :6ന് നടന്ന ജല അപകട രക്ഷാപ്രവർത്തന പരിശീനത്തിന് ഡോ: ചാൾസൺ ഏഴിമലയ്ക്കൊപ്പം തിരുവനന്തപുരം വിന്നര്‍ലാന്റ് സ്‌പോട്‌സ് അക്കാദമിയുടെയും ഭാരതീയ ലൈഫ് സേവിങ്ങ് സൊസൈറ്റിയുടെയും ചീഫ് ട്രെയിനര്‍ ഡോ.ബി. സാനുവും  നേതൃത്വം നല്കി.

രണ്ട് കിലോമീറ്റര്‍ കായല്‍ ക്രോസിങ്ങ് നീന്തല്‍, കയാക്കിങ് പരിശീലനം, നാടന്‍ വള്ളം തുഴയല്‍, യന്ത്രവല്‍കൃത യാനങ്ങളില്‍ പരിശീലനം, ജീവന്‍ രക്ഷാപ്രവര്‍ത്തന പരിശീലനം, സിപിആര്‍ ഉള്‍പ്പെടെയെയുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയിലാണ് ഈ ദിവസങ്ങളില്‍ പരിശീലനം നല്‍കിയത്. ആറുവയസുള്ള സാൻവിയ സുജിത്തും മുതൽ അന്‍പതുകാരി വരേയുള്ള ലത ടീച്ചർ വരെ 11 പേർ രണ്ട് കി.മി കായൽ നീന്തിക്കടന്നത് എല്ലാവരെയും ആവേശം കൊള്ളിച്ചു. 136 പേരാണ് ഈ ക്യാമ്പയ്‌നില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ലോകത്ത് ഒര് വർഷം രണ്ട് ലക്ഷത്തി മുപ്പത്താറായിരം പേർ വെള്ളത്തിൽ മുങ്ങിയുള്ള അപകടത്തിൽപ്പെട്ട് മരിക്കുന്നുവെന്നും, അത് ഇന്ത്യയിൽ ശരാശരി മുപ്പത്തി ആറായിരത്തോളം വരുമെന്നും, കേരളത്തിൽ ഇത് 1500 ൽപരം വരുമെന്നും, റോഡപകടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ വെള്ളത്തിൽ മുങ്ങിയുള്ള അപകട മരണങ്ങളിലാണ് മരിക്കുന്നതെന്നും, എന്നാൽ ഇതൊര് വലിയ സാമൂഹിക പ്രയാസമായി പ്രശ്നമായി ഏറ്റെടുക്കുന്നില്ലെന്നും, മരണപ്പെടുന്നവരുടെ കുടുംബങ്ങളുടെ സ്വകാര്യ ദു:ഖമായി ജീവിതകാലം മുഴുവൻ കുടുംബാഗങ്ങളെ കണ്ണീരിലാഴ്ത്തുന്ന അവസ്ഥയാണെന്നും, മരിക്കുന്നതിൽ കൂടുതൽ കുട്ടികളാണെന്നതും, മക്കളുടെ മരണത്തിൽ മാതാപിതാക്കൾ ഒരു ആയുസ് മുഴുവൻ കരഞ്ഞ് തീർക്കേണ്ട അവസ്ഥയ്ക്ക് അറുതി വരുത്താൻ സമൂഹമൊന്നാകെ മുന്നിട്ടിറങ്ങണമെന്നും ഈ സാഹചര്യത്തിലാണ് അവസ്ഥയാണെആയാസ രഹിതമായി ദീര്‍ഘദൂരം നീന്താനും സ്വയരക്ഷയ്ക്കുപുറമെ ജല അപകടങ്ങളില്‍പെടുന്നവരെ ആഴങ്ങളില്‍നിന്നുപോലും രക്ഷപ്പെടുത്താനുള്ള പരിശീലനമാണ് വിവിധ ഘട്ടങ്ങളിലായി ഇവര്‍ക്ക് നല്‍കിയത് എന്നും നീന്തൽ പരിശീലനത്തിലെയും നീന്തലിലെയും ലോക റെക്കോഡ് ജേതാവും, കേരള ടൂറിസം ലൈഫ് ഗാർഡുമായ ഡോ. ചാൾസൺ ഏഴിമല പറഞ്ഞു.

ജലസുരക്ഷാ ക്യാമ്പയ്ന്‍ സമാപന പരിപാടിയുടെ ഉദ്ഘാടനം പുഴയിൽ പ്രത്യേക വള്ളത്തിൽ സജ്ജമാക്കിയ വേദിയിൽടി.ഐ. മധുസൂദനന്‍ എംഎല്‍എ നിര്‍വഹിച്ചു. ഡോ.ചാള്‍സണ്‍ ഏഴിമല, വാര്‍ഡ് മെമ്പര്‍ കെ.പി.ദിനേശന്‍, ഒ.കെ.ശശി, സി.ഡി. ഷിജോ. സി. ഡി. നിഖിലേഷ് ജോസഫ് പി.സന്തോഷ് ജാക്സൺ ഏഴിമല എന്നിവര്‍ സംസാരിച്ചു.