തളിപ്പറമ്പിൽ അഗ്നിബാധയിൽ സർവ്വസ്വവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് സഹായവുമായി വിദേശ സംരഭകൻ. ഈസി അസസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായ കെ.എം ഫാറൂഖ് വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് വ്യാപാരികളെ സഹായിക്കുന്നതിനായി നടത്തുന്ന ധനശേഖരണത്തിലേക്ക് 10 ലക്ഷം രൂപ നൽകി.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 120 ഓളം സംരഭകരും 400 ഓളം തൊഴിലാളികളുമാണ് ദുരിതത്തിലായത്. ഏകദേശം 40 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വ്യാപാരികൾ പറയുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി 2 കോടി സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു.
സംസ്ഥാന കമ്മറ്റിയുടെ ധനസഹായ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. സർക്കാരിൽ നിന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് തളിപ്പറമ്പിലെ വ്യാപാരി സമൂഹം.
എന്നാൽ ഭീമമായ നഷ്ടം നികത്തുന്നതിന് പൊതു സമൂഹത്തിൽ നിന്നുള്ള സഹായം കൂടി ലഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് ധനസമാഹരണ ശേഖരണത്തിന് തുടക്കം കുറിച്ചത്. ഇതിലേക്കാണ് ആദ്യ സഹായമായി തളിപ്പറമ്പ് സ്വദേശിയും വിദേശ സംരഭകനുമായ കെ.എം ഫാറൂഖ് 10 ലക്ഷം രൂപ നൽകിയത്.
തീപിടുത്തമുണ്ടായ കെ.വി കോപ്ലേക്സിന് മുന്നിൽ നടന്ന ലളിതമായ ചടങ്ങിൽ ഫാറൂഖിൻ്റെ പിതാവ് അബൂബക്കർ ഹാജി തുക തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസിനും വി. താജുദ്ദീനും കൈമാറി.
തുടർന്ന് തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് ഭാരവാഹികളും സഹഭാരവാഹികളും വ്യാപാരികളും സംബന്ധിച്ചു.