ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചരിത്രത്തില്‍ വലിയ നേട്ടം ; മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

12:23 PM Oct 24, 2025 | Kavya Ramachandran

കണ്ണൂർ : ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നടന്നു. കാര്‍ഡിയോളജി വിഭാഗം ഡോക്ടർമാരുടെ  നേതൃത്വത്തിലാണ് 69 കാരനെ മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന് വിധേയനാക്കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ഹൃദയധമനികളിലെ തടസ്സവുമായാണ് 69  കാരൻ  കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സതേടിയെത്തിയത്. ആന്‍ജിയോപ്ലാസ്റ്റി നിര്‍വ്വഹിക്കുന്നതിന് മുന്‍പ് നടത്തിയ വിശദ പരിശോധനയിലാണ് ഹൃദയത്തിന്റെ വാല്‍വ് ചുരുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. വാല്‍വ് റീപ്ലേസ്‌മെന്റ് മാത്രമാണ് ഏക പ്രതിവിധിയായുണ്ടായിരുന്നത്. 

എന്നാല്‍ ബൈപാസ്സ് സർജറിയോടൊപ്പം തന്നെ തുറന്ന ശസ്ത്രക്രിയയിലൂടെ വാല്‍വ് റീപ്ലേസ്‌മെന്റ് നടത്തുന്നത് സങ്കീര്‍ണ്ണതകള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോറൈസ്ഡ് ടാവി റീപ്ലേസ്‌മെന്റിന് തീരുമാനിച്ചത്.

കാര്‍ഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ.രാമകൃഷ്ണൻ,ഡോ. വിജയൻ ഗണേശൻ, ഡോ.അനിൽകുമാർ, ഡോ.ഉമേശൻ, ഡോ.വിനു, കാർഡിയക് അനസ്തേഷ്യ വിഭാഗം ഡോ.ഗണേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷൻ നടത്തിയത് .

സാധാരണ ടാവി നിര്‍വ്വഹിക്കുന്നത് നേര്‍ത്ത ട്യൂബ് കാലിലെ ധമനിയിലൂടെ കൈകൊണ്ട് നിയന്ത്രിച്ച് അയോര്‍ട്ടിക്ക് വാല്‍വില്‍ എത്തിക്കുന്ന രീതിയിലൂടെയായിരുന്നു. അതിസൂക്ഷ്മമായി കൈകൊണ്ട് നിര്‍വ്വഹിക്കുന്ന ഈ പ്രക്രിയയില്‍ ആവശ്യമായി വരുന്ന സമയത്തേക്കാള്‍ വളരെവേഗത്തില്‍ തന്നെ മോട്ടോറൈസ്ഡ് രീതിയിലൂടെ ടാവി നിര്‍വ്വഹിക്കാന്‍ സാധിക്കും. 

ഏതെങ്കിലും സാഹചര്യത്തില്‍ നിശ്ചിത സ്ഥലത്ത് നിന്ന് അല്‍പ്പം വ്യതിയാനം സംഭവിച്ചാല്‍ വീണ്ടും സ്ഥാപിക്കുന്നതിന് അധിക സമയം ആവശ്യമായി വരില്ല എന്നതും വലിയ സവിശേഷതയാണ് . സാധാരണഗതിയില്‍ ഇത്തരം പ്രൊസീജ്യറുകള്‍ക്ക് അധിക സമയമെടുക്കുമ്പോള്‍ രോഗിക്ക് രക്തസമ്മര്‍ദ്ദം ഉയരാനും മറ്റുമുള്ള സാധ്യതകള്‍ കൂടുതലാണ്. അത്തരം സങ്കീര്‍ണ്ണതകളെ അതിജീവിക്കുവാന്‍ മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ സഹായകരമാകും.

സാധാരണ സൂചിവെക്കുന്നത് പോലെ വളരെ നേർത്ത ഒരു ഇംപ്ലാന്റാണ് കടത്തി വിടുന്നത്. അതിനാല്‍ തന്നെ മുറിവ് സൃഷ്ടിക്കേണ്ടി വരുന്നില്ല എന്നതും, രക്തനഷ്ടമുണ്ടാകുന്നില്ല എന്നതും മറ്റ് നേട്ടങ്ങളാണ്. തുറന്നുള്ള ശസ്ത്രക്രിയ സാധ്യമാകാത്തവര്‍, പ്രായാധിക്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കും മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. പ്രൊസീജ്യറിന് വിധേയനായ വ്യക്തി അതിവേഗം തന്നെ സുഖം പ്രാപിക്കുകയും തൊട്ടടുത്ത ദിവസം ടോയ്‌ലെറ്റിലേക്ക് ഉള്‍പ്പെടെ നടന്ന് പോകുവാന്‍ സാധിക്കുകയും ചെയ്തു