തളിപ്പറമ്പ കുപ്പം പടവിൽ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം 26ന്

04:35 PM Oct 24, 2025 | Neha Nair

തളിപ്പറമ്പിന് സമീപത്തെ  കുപ്പം പുഴയുടെ തീരത്താണ് പ്രസിദ്ധമായ പടവിൽ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ പുണ്യഭൂമിയാണെന്നാണ് ഐതിഹ്യം.  പടവിൽ മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി മഹോത്സവം 26ന്. രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ പുണ്യഭൂമിയാണ് കുപ്പം പടവിൽ. ഇന്ന് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 800 ഓളം വർഷങ്ങൾക്ക് മുൻപ് വിഷ്ണു മൂർത്തിയെ കെട്ടിയാടിച്ചിരുന്ന ക്ഷേത്ര സ്ഥാനമായിരുന്നു. വിഷ്ണു മൂർത്തിക്ക് സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ  മത്സ്യ മാംസാദികളുടെ അംശങ്ങൾ കാണുകയാൽ സ്വർണ്ണ പ്രശ്നം വച്ച് നോക്കിയപ്പോൾ ഈ സ്ഥലം മുത്തപ്പൻ ദിഗ്വിജയത്തിനു പുറപ്പെട്ടപ്പോൾ പാടവില്ല് ചാർത്തിയ സ്ഥലമാണെന്ന് കണ്ടു. 

ഇവിടുത്തെ പ്ലാവ് മുത്തപ്പന്റെ സ്വയംഭൂവായ പ്രതിഷ്ഠയാണെന്നും പ്ലാവിന് ചുവട്ടിൽ നിന്നും ദൈവത്തിന്റെ ആയുധങ്ങൾ ലഭിക്കുമെന്നും ഈ സ്ഥലത്ത് മുത്തപ്പന്റെ മടപ്പുര വേണമെന്നും കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രശ്നമുഖാന്തരം പ്ലാവിന് ചുവട്ടിൽ കുഴിച്ചു നോക്കിയപ്പോൾ മുത്തപ്പന്റെ വാളും ശരങ്ങളും മറ്റു പൂജാദി സാമഗ്രികളും കിട്ടുകയും പിന്നീട് അവിടെ പ്ലാവിനോട് ചേർന്ന് മുത്തപ്പന്റെ മടപ്പുര പണികഴിപ്പിക്കുകയും ചെയ്തു. കുഴിച്ചെടുത്തു കിട്ടിയ വാളും ശരങ്ങളും മറ്റും വിധിപ്രകാരം ഇന്നും പൂജിച്ച് പോരുകയും ചെയ്യുന്നു.

പടവിൽ മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മലയിറക്കൽ, 7 മണിക്ക് മുത്തപ്പൻ വെള്ളാട്ടം പുറപ്പാട് എന്നിവയുമുണ്ടാകും. വൈകിട്ട് 7 മണി മുതൽ പുത്തരി പ്രസാദ ഊട്ടും ഉണ്ടാകും. 28 ന് മറുപുത്തരിയും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

വാർത്ത സമ്മേളനത്തിൽ രഞ്ജിത്ത് പടവിൽ , പത്മനാഭൻ എ ടി , കാർത്യായനി കെ സി , പ്രജിത്ത് കെ വി, കെ വിജയൻ ,ബി ബാലകൃഷ്ണൻ ,പി ജിതേഷ്  എന്നിവർ പങ്കെടുത്തു.