തളിപ്പറമ്പ്: വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ(60) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു . തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് .
അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയിൽ റോസമ്മ പറഞ്ഞത്. താൻ രോഗിയാണെന്നും കോടതിയെ അറിയിച്ചിരുന്നു . കുടുംബവഴക്കിനെ തുടർന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റർചെയ്തിരുന്നത്.
2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടിൽവെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ മെഡിക്കൽ സ്‌റ്റോറിൽ ജീവനക്കാരനായിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.പ്രശാന്താണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു .