ലോക റെക്കോഡ് ജേതാവ് ഡോ. ചാൾസൺ ഏഴിമലയുടെ 'നീന്തിക്കയറിയ ജീവിതം' പ്രകാശനം ചെയ്തു

10:52 AM Oct 30, 2025 | Neha Nair

കുന്നരു സിറ്റി : അന്താരാഷ്ട്ര നീന്തൽ പരിശീലകനും, കേരള ടൂറിസം ലൈഫ് ഗാർഡും, നിരവധി ലോക റെക്കോഡുകൾക്ക് ഉടമയുമായ ഡോ. ചാൾസൺ ഏഴിമലയുടെ ആത്മകഥാംശമുള്ള പുസ്തകം 'നീന്തിക്കയറിയ ജീവിതം' കുന്നരു സിറ്റിയിലെ ടാഗോർ സ്മാരക വായനശാലയിൽ വെച്ച് പ്രകാശനം ചെയ്തു. മുൻ എം.എൽ.എ. ശ്രീ. ടി.വി. രാജേഷ് പുസ്തക പ്രകാശനം നിർവ്വഹിച്ചു.

പുസ്തകം പ്രകാശനം ചെയ്ത് സംസാരിച്ച ശ്രീ. ടി.വി. രാജേഷ്, താൻ എം.എൽ.എ. ആയിരുന്ന ഘട്ടത്തിൽ ചാൾസൺ ഏഴിമല ലോക റെക്കോഡ് നേടിയ കായൽ, പുഴ, കടൽ നീന്തലുകളുടെ സമാപനത്തിൽ സാക്ഷ്യം വഹിക്കാനും സ്വീകരിക്കാനും സാധിച്ചത് അനുസ്മരിച്ചു. വളരെ ചെറിയ പ്രായം മുതൽ ജീവിത പ്രതിസന്ധികളെ നീന്തിക്കടന്ന ഡോ. ചാൾസൺ, പതിനായിരക്കണക്കിന് ആളുകളെ ജല അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രാപ്തരാക്കുന്നതിലൂടെ വലിയ സാമൂഹ്യ സേവനമാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ഈ പ്രചോദനാത്മകമായ പുസ്തകം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണ്ണേരി രമേശൻ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ സുനിൽ കുന്നരു പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ടാഗോർ സ്മാരക വായനശാല ഡോ. ചാൾസൺ ഏഴിമലയ്ക്ക് നൽകിയ ആദരവ്, രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി. ഷൈമ പൊന്നാടയണിയിച്ച് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ വി.പി. മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസാധകരായ ഒലീവ് പബ്ലിക്കേഷൻ മാനേജർ  കെ. സന്ദീപ്, വി. പ്രമോദ്, ആർ. ശശി, പി.ജയരാജ് ,കെ.അനിൽ എന്നിവർ ആശംസകളർപ്പിച്ചു. സംഘാടക സമിതി കൺവീനർ പി.പി. സുരേഷ് ബാബു സ്വാഗത പ്രസംഗം നടത്തി.