തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് സമുച്ചയത്തി നിർമ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം നാളെ നടക്കും. ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ മൂന്നാം നിലയിൽ രണ്ട് വർഷം മുമ്പ് തന്നെ ഭൂരിഭാഗവും നിർമാണം പൂർത്തിയാക്കിയ ഷീ ലോഡ്ജ് ഉദ്ഘാടനം നീണ്ടുപോയിരുന്നു. ഇപ്പോൾ തിരക്കുപിടിച്ച് പ്രവൃത്തികൾ പൂർത്തിയാക്കി നാളെ ഉദ്ഘാടനം നടത്തുകയാണ് നഗര ഭരണാധികാരികൾ.
തളിപ്പറമ്പ് നഗരത്തിലെത്തി അപ്രതീക്ഷിതമായി രാത്രിയിൽ തങ്ങേണ്ടി വരുന്ന വനിതകൾക്ക് ആശ്രയമായാണ് ഷീ ലോഡ്ജ് നിർമിച്ചത്. താമസിക്കാനെത്തുന്നവർക്കുള്ള കട്ടിൽ, സാധനങ്ങൾ സൂക്ഷിക്കാനുള്ള ഷെൽഫ്, എന്നിവയും ശുചിമുറിയും ഉൾപ്പെടെയുള്ളവയുടെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. 24 ലക്ഷം രൂപയാണ് ഷീ ലോഡ്ജിനു വേണ്ടി ചെലവഴിച്ചത്. 2023 മാർച്ചിൽ നിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നീണ്ടുപോയതിന് വിശദീകരണം ഉണ്ടായിരുന്നില്ല. ഫർണിച്ചർ ഉൾപ്പെടെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായിരുന്നു.

കുടംബശ്രീയെ നടത്തിപ്പ് ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. വൈകാതെ കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ചർച്ചയാകുന്നത്. ഷീലോഡ്ജിന് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. സമുച്ചയത്തിലെ കുടിവെള്ള ടാങ്കിൽ നിന്നും ഷീലോഡ്ജിലെ ശുചിമുറിയിലേക്കും മറ്റും വാട്ടർ കണക്ഷൻ നൽകിയെങ്കിലും പ്രവൃത്തി പൂർത്തിയായപ്പോഴാണ് ഉയരക്കുറവ് കാരണം വെള്ളം എത്തില്ലെന്ന് മനസിലായത്.
ഇതോടെ ഉയർന്ന ഭാഗത്ത് പുതിയ ടാങ്ക് സ്ഥാപിച്ചെങ്കിലും കണക്ഷൻ നൽകിയിട്ടില്ല. ഏറ്റവും പ്രധാന അടിസ്ഥാന ഘടകങ്ങളായ വെള്ളവും വെളിച്ചവും ഇല്ലാതെ നടത്തുന്ന ഉദ്ഘാടനം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതേടെയുള്ള 'ഇലക്ഷൻ സ്റ്റണ്ട്' മാത്രമാണ് എന്നാണ് നഗരസഭയ്ക്കെതിരായി പരിഹാസമുയരുന്നത്.
