
2007 ജനുവരിക്ക് ശേഷം ജനിച്ച കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി മാലിദ്വീപ്. പുകവലി ശീലത്തില്‍ നിന്ന് യുവ തലമുറയെ രക്ഷപ്പെടുന്നതിനായി നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വിധ പുകയില ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമാകും.
നവംബര്‍ 1 മുതല്‍ ആണ് ഇത് പ്രാബല്യത്തില്‍ വന്നത്. ചില്ലറ വ്യാപാരികള്‍ വില്‍പ്പനയ്ക്ക് മുമ്പ് ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാലി ദ്വീപിലേക്ക് വരുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
പൊതുജനാരോഗ്യം സംരക്ഷിക്കാനും പുകയില ഉപയോഗിക്കാത്ത ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കച്ചവടക്കാര്‍ക്ക് മേല്‍ 50,000 റുഫിയ പിഴയും, വേപ്പ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് 5,000 റുഫിയ പിഴയും വരെ ചുമത്താമെന്നാണ് വ്യവസ്ഥ. ഇലക്ട്രോണിക് സിഗരറ്റ്, വേപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ മാലിദ്വീപില്‍ ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നേരത്തെ നിരോധിച്ചിരുന്നു. ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രായഭേദമന്യേ നടപടിയെടുക്കുമെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.