കണ്ണൂരിൽ മകനെ ഫ്രൂട്ടിയിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് കഠിന തടവ്

12:19 AM Nov 07, 2025 | Desk Kerala

കണ്ണൂർ: കക്കാട് ഭാര്യയുമായുള്ള കുടുംബപ്രശ്നം കാരണം ആറു വയസ്സുള്ള മകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഫ്രൂട്ടിയിൽ എലിവിഷം കലക്കി മകനെ  കൊണ്ട് കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട് കള്ളക്കുറിച്ചി ഉളിയനെല്ലൂർ സ്വദേശിയായ സെന്തിൽകുമാർ  എന്ന മുഹമ്മദ് ബിലാലിനെ രണ്ടര വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കാനും തലശ്ശേരി അഡീഷണൽ ജില്ലാ കോടതി -4 -ജഡ്ജ്  ജെ വിമൽ ശിക്ഷിച്ചു.  2016 ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം.കണ്ണൂർ ടൗൺ സി ഐ ആയിരുന്ന കെ വി വേണുഗോപാലൻ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ രേഷ്മ ഹാജരായി.