തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ ഡിസംബർ 13 വരെ ഇൻ്റർനെറ്റ് കേബിൾ കടന്നു പോകുന്ന സ്ഥലങ്ങൾ കുഴിക്കുന്നത് നിരോധിച്ചു

07:50 PM Dec 06, 2025 | AVANI MV

കണ്ണൂർ : തദ്ദേശ സ്വയംഭരണ  പൊതുതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയാകുന്ന ഡിസംബർ 13 വരെ ജില്ലയിലെ ഇൻ്റർനെറ്റ് കേബിൾ കടന്നു പോകുന്ന സ്ഥലങ്ങൾ കുഴിക്കുന്നതും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും നിർത്തിവെക്കേണ്ടതാണെന്നും ജില്ലയിലെ എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥന്മാരും ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വിതരണ സ്വീകരണ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇടതടവില്ലാതെ ഇന്റർനെറ്റ് സേവനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ബി എസ് എൻ എൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും കോപ്പർ കേബിളുകളും ദേശീയ പാതയോരത്തും ജില്ലയിലെ മറ്റ് റോഡുകളുടെയും വശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്റർനെറ്റ് കേബിൾ കടന്നു പോകുന്ന സ്ഥലങ്ങൾ കുഴിക്കുന്നതും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും കേബിളുകൾക്ക് നാശമുണ്ടാക്കുമെന്നതിനാലും അത് ഇന്റർനെറ്റ് സംവിധാനം തകരാറിലാക്കുന്നതിന് കാരണമാവുകയും ചെയ്യും എന്നതിനാലുമാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം.