കണ്ണൂർ ചുമട് താങ്ങിയിലെ വർക്ക്ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ

01:22 PM Dec 09, 2025 | AVANI MV

 പരിയാരം: പയ്യന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലെത്തി ചെറുതാഴം ചുമടുതാങ്ങിയിലെ കാർ വാഷിംഗ് സെൻ്ററിൽ നിന്നും കാർ മോഷ്ടിച്ചു കടന്നു കളഞ്ഞ മുപ്പതോളം മോഷണ കേസിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ. കാസറഗോഡ് ബേക്കൽ പനയാൽ സ്വദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (27) യെയാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ എസ്.ഐ.സി. സനീത്, എ.എസ്.ഐ.മാരായ അരുൺ കുമാർ, ഗിരീഷ്, ഭാസ്കരൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 

വടകര ചോമ്പാലയിൽ മറ്റൊരു വാഹന മോഷണവുമായി ബന്ധപ്പെട്ട് പ്രതി പോലീസ് പിടിയിലാകുകയായിരുന്നു.കുടിയാന്മലന്യു നടുവിൽ ഗവ. ആശുപത്രിക്ക് സമീപത്തെ ഇ. മിഥുൻ കുമാറിൻ്റെ പരാതിയിലായിരുന്നു പരിയാരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബർ20 ന് പുലർച്ചെയായിരുന്നു മോഷണം. പരാതിക്കാരൻ്റെ സഹോദരി ഭർത്താവിൻ്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെ. എൽ . 39.പി.8902 നമ്പർ സ്വിഫ്റ്റ് കാർ ആണ് മോഷണം പോയത്. ചുമടുതാങ്ങിയിലെ കാംബ്രിഡ്ജ് കാർ വാഷിംഗ് സെൻ്ററിൽ അണ്ടർ കോട്ടിംഗ് ചെയ്യാൻ നൽകിയതായിരുന്നു. മോഷണം പോയതിനെ തുടർന്ന് ഉടമ പരിയാരം പോലീസിൽ പരാതി നൽകി. 

കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതി പയ്യന്നൂർ ടൗണിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ ചുമടുതാങ്ങി യിലെത്തിസ്ഥാപനം കുത്തി തുറന്നാണ് കാർ മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥലത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷണദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ചബൈക്ക് സ്ഥാപനത്തിന് സമീപം ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കുപ്രസിദ്ധ വാഹന മോഷ്ടാവായ ഇബ്രാഹിം ബാദുഷയാണ് കാർ കടത്തികൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞത്. വിവിധ ജില്ലകളിലായി 30 ഓളം മോഷണ കേസിലെ പ്രതിയാണ്. മോഷ്ടിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Trending :