കന്നി കിരീട നേട്ടം: സൂപ്പർ ലീഗ് കേരളയിലെ കണ്ണൂരിന്റെ വിജയശില്‍പികള്‍

12:06 PM Dec 20, 2025 | Kavya Ramachandran

കണ്ണൂര്‍  : സൂപ്പര്‍ ലീഗ് കേരളില്‍  സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടം നേടി കണ്ണൂര്‍ വാരിയേഴ്‌സ് .കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കിരീട നേട്ടത്തില്‍ ടീമിനെ തയ്യാറെടുപ്പിച്ചത് മൂന്ന് പരിശീലകരാണ്. മാനുവല്‍ സാഞ്ചസ് ആണ് മുഖ്യപരിശീലകന്‍ . സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്‍, ഗോള്‍ കീപ്പര്‍ എല്‍ദോ പോള്‍. 

മാനുവല്‍ സാഞ്ചസ് (മുഖ്യപരിശീലകന്‍) 

സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ പോലും ശാന്തത നിലനിര്‍ത്താനും ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാനും കളിക്കാരെ ഒരുക്കിയത് മാനുവല്‍ സാഞ്ചസെന്ന കണ്ണൂര്‍ വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകനാണ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ആറ് ക്ലബുകളില്‍ നിലനിര്‍ത്തിയ ഏക പരിശീലകന്‍ മാനുവല്‍ സാഞ്ചസായിരുന്നു. ക്ലബ് അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനായി. തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ സെമി ഫൈനലില്‍ എത്തിച്ച് സൂപ്പര്‍ ലീഗില്‍ ചരിത്രം കുറിച്ചു. 

അതോടൊപ്പം സൂപ്പര്‍ ലീഗില്‍ രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡും മാനുവല്‍ സാഞ്ചസിനുണ്ട്. 
വിജയം ഉറപ്പിച്ച് കണ്ണൂരിനെതിരെ ഇറങ്ങിയ പലടീമുകളും മാനുവലിന്റെ തന്ത്രത്തിന് മുമ്പില്‍ മുട്ടുകുത്തി. ടീമിലെ ഓരോ താരങ്ങളെയും കുറിച്ച വ്യക്തമായി അറിയുന്ന മാനുവലിന് ഓരോ തരങ്ങളുടെയും കഴിവ് തിരിച്ചറിഞ്ഞ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാനായി. 

ഷഫീഖ് ഹസ്സന്‍ (സഹ പരിശീലകന്‍)

ഡ്രസിംഗ് റൂമില്‍ കളിക്കാര്‍ക്ക് വേണ്ട ആത്മവിശ്വാസവും പോരാട്ട മനോഭാവവും നിലനിര്‍ത്തുന്നതില്‍ സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ പങ്ക് നിര്‍ണായകമാണ്. മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസ് സ്‌പെയിനുകാരന്‍ ആയതിനാല്‍ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഷഫീഖ് ഹസ്സനാണ്. കണ്ണൂര്‍ വാരിയേഴ്‌സ് ടീമില്‍ മിന്നും പ്രകടനം നടത്തിയ 21 വയസ്സുകാരന്‍ മുഹമ്മദ് സിനാന്‍ ഷഫീഖ് ഹസ്സന്റെ കണ്ടത്തെലാണ്. ജില്ലാ ടീമില്‍ പോലും കളിച്ചിട്ടില്ലാത്ത സിനാനെ സെലക്ഷന്‍ ട്രയല്‍സിലൂടെ ടീമിലെത്തിച്ച് സൂപ്പര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച യുവതാരമാകി വളര്‍ത്തിയത് ഷഫീഖ് ഹസ്സനാണ്. അതോടൊപ്പം ഓരോ മത്സരത്തിനുമുമ്പും കളിക്കാരെ മാനസികമായി തയ്യാറാക്കാനും, ഫൈനല്‍ പോലുള്ള മത്സരങ്ങളില്‍ കളിക്കാര്‍ക്ക് മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഷഫീഖ് ഹസ്സന്റെ ഇടപെടല്‍ ടീമിന് ഊര്‍ജ്ജമായി. ഏതൊരു മത്സരത്തിലും കളിക്കാര്‍ക്ക് അവസാന നിമിഷം വരെ പോരാടാനുള്ള അത്മവിശ്വാസം വളര്‍ത്തിയത് ഷഫീഖ് ഹസ്സനാണ്.

എല്‍ദോ പോള്‍ (ഗോള്‍ കീപ്പര്‍ പരിശീലകന്‍) 

ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എല്ലാവര്‍ക്കും കാണുന്നത് ഗോള്‍കീപ്പറുകളുടെ പറന്നുചാടലുകള്‍ക്കും അത്ഭുതസേവിങ്‌സുകള്‍ക്കും പിന്നില്‍ നിശബ്ദമായി നില്‍ക്കുന്ന ഒരു ഗോള്‍ കീപ്പര്‍ പരിശീലകനുണ്ട്. സൂപ്പര്‍ ലീഗ് കേരളയില്‍ . കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിജയത്തിന് പിന്നില്‍ ഗോള്‍ കീപ്പര്‍ പരിശീലകന്‍ കോട്ടയം പെരുവ സ്വദേശി എല്‍ദോ പോളെന്ന നിശബ്ദ പോരാളിയുണ്ട്. 
ഗ്രൗണ്ടില്‍ എല്ലാവരും എത്തുന്നതിന് മുമ്പ് എത്തി ഗോള്‍ കീപ്പര്‍മാരുടെ പരിശീലനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആരും ശ്രദ്ധിക്കാത്ത പക്ഷേ ടീമിന് അത്യാവശ്യമായ ഒരു റോളാണ് കീപ്പര്‍ പരിശീലകന്‍. ആദ്യ സീസണില്‍ മൂന്നാം സ്ഥാനം നേടിയ ടീമിന് ക്ലീന്‍ ഷീറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സീസണില്‍ എല്‍ദേ പോള്‍ ഗോള്‍ കീപ്പര്‍ പരിശീലകനായി വന്നതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. കേരളത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സികെ., മിഥുന്‍ വി, അല്‍കേശ് രാജ് എന്നിവരെ പരിശീലിപ്പിച്ച് ടീം നാല് ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. മത്സരത്തിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ഗോള്‍കീപ്പര്‍ക്ക് വേണ്ട ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നതും പരിശീലകന്‍ തന്നെയാണ്.