ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര ചാപ്റ്റർ 1'-ന്റെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തിലെ ശിവയുടെ അച്ഛന്റെ കഥ പറയുന്ന ഈ പ്രീക്വലിന്റെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും തിളങ്ങിയ കാന്താര ചാപ്റ്റർ 1ന്റെ ഇംഗ്ലീഷ് വെർഷൻ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബർ 31 തിയറ്ററുകളിൽ എത്തും. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അതേസമയം, തിയറ്ററുകളിൽ വൻ പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 747 കോടിയാണ് പത്തൊൻപത് ദിവസം വരെ കാന്താര 2 നേടിയിരിക്കുന്നത്.
ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അനുഭവമാണ് ഋഷഭ് ഷെട്ടി കാന്താരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്.
മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ് ആണ്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1ൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.
കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ആൻഡ് അഡ്വെർടൈസിങ് -ബ്രിങ്ഫോർത്ത്.