കർണാടകയിലെ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത സംഭവം ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

10:31 PM Jul 05, 2025 | Neha Nair

കർണാടക : മാലെ മഹാദേശ്വര കുന്നുകളിലെ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകളുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ ചക്രപാണി ഉൾപ്പെടെ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ കർണാടക വനം മന്ത്രി ഈശ്വർ ബി ഖന്ദ്രെ. പ്രായപൂർത്തിയായ ഒരു കടുവയുടെയും നാല് കുഞ്ഞുങ്ങളുടെയും മരണത്തെക്കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഷാംശം കലർന്ന പശുവിന്റെ ജഡം കടുവകൾ കഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

“അടിസ്ഥാന വന സംരക്ഷണത്തിൽ പൂർണ്ണമായ പരാജയം സംഭവിച്ചിരിക്കുന്നു. നിരീക്ഷണത്തിൽ ഉദ്യോഗസ്ഥർ പൂർണ്ണമായ അനാസ്ഥ കാണിച്ചു. അതിനാൽ ഡിസിഎഫ് ചക്രപാണിക്കും മറ്റ് രണ്ട് ജീവനക്കാർക്കും എതിരെ സസ്‌പെൻഷനും വകുപ്പുതല അന്വേഷണത്തിനും ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തിൽ ഇത്തരം വീഴ്ചകൾ അനുവദിക്കില്ല,” എന്ന് റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഖന്ദ്രെ പറഞ്ഞു.