കർണാടകയെക്കുറിച്ച് മോശം പരാമർശം നടത്തിയ ​എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കേസ്

02:35 PM Apr 23, 2025 | Neha Nair

ബംഗളൂരു: തിങ്കളാഴ്ച കാൾ സെന്റർ ജീവനക്കാരനുമായി റോഡിൽ നടന്ന സംഘർഷത്തിനു ശേഷം കർണാടകയെ കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയതിന് വ്യോമസേനാ ഉദ്യോഗസ്ഥൻ വിങ് കമാൻഡർ ശിലാദിത്യ ബോസിനെതിരെ കേസ്. നേരത്തേ, കാൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറിനെതിരെ ആക്രമണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘കർണാടക ഇങ്ങനെയായി മാറിയിരിക്കുന്നു, ഞാൻ കന്നഡയിൽ വിശ്വസിച്ചു, പക്ഷേ സത്യം, കർണാടകയുടെ പ്രധാന ഹൃദയഭൂമിയുടെ യാഥാർത്ഥ്യം കണ്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദൈവം നമ്മെ സഹായിക്കട്ടെ’ എന്നായിരുന്നു ശിലാദിത്യ ബോസ് സോഷ്യൽ മീഡിയയിൽ ​പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.

വ്യോമസേന വിങ് കമാൻഡറിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ടവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ​ഐ.എ.എഫ് ഉദ്യോഗസ്ഥനായ ശിലാദിത്യ ബോസ് സാമൂഹിക മാധ്യമത്തിൽ കർണാടകയെയും കന്നഡിഗരെയും കുറിച്ച് അനാവശ്യവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയെന്നും അത് അനാദരവും പ്രകോപനപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.