അജു വർഗ്ഗീസ്നായകനായ 'പടക്കുതിര' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. എവർഗ്രീൻ ഗാനമായ 'ഒരായിരം കിനാക്കളാൽ' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എസ് ബാലകൃഷ്ണൻ ആണ്. എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. ഏപ്രിൽ 24ന് പടക്കുതിര തിയറ്ററുകളിൽ എത്തും. സാലോൺ സൈമൺ ആണ് സംവിധാനം. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോൻറെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂർ, ജോമോൻ ജ്യോതിർ, ഷമീർ, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ്, വിനീത് തട്ടിൽ, പിപി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാർത്തിക് ശങ്കർ, തമിഴ് നടൻ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധർ, ഹരി, അരുൺ കുമാർ, വിഷ്ണു, അരുൺ ചൂളക്കൽ, അരുൺ മലയിൽ, ക്ലെയർ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിൽ ഒരുമിക്കുന്നത്.
സിനിമയുടെ തിരക്കഥ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്ലൈയിംഗ് എൻറർടെയ്ൻമെൻറ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.