ബംഗളൂരു: സർക്കാർ ജോലികളിൽ മുസ്‌ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്ന ബിൽ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം.
“പുതിയ ഭേദഗതി പ്രകാരം പിന്നാക്ക വിഭാഗം കാറ്റഗറി II (ബി)ക്ക് നാല് ശതമാനം സംവരണം നൽകുന്നു. മുസ്‌ലിംകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. മതാടിസ്ഥാനത്തിൽ ഒരു സമുദായത്തിന് സംവരണം നൽകുന്നതായി ഇതിനെ വ്യാഖാനിക്കാം. ഭരണഘടനാ അനുഛേദം 15, 16 എന്നിവ പ്രകാരം മതാടിസ്ഥാനത്തിൽ സംവരണം നൽകരുതെന്നും സാമൂഹ്യ, സാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്” -ഗവർണർ പറഞ്ഞു.
മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ മാർച്ചിലാണ് കർണാടക നിയമസഭ പാസാക്കിയത്. തുടർന്നു ബി.ജെ.പിയും എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസും ബില്ലിനെ എതിർത്തു രംഗത്തു വന്നിരുന്നു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. ബിൽ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഗവർണർക്ക് നിവേദനവും നൽകിയിരുന്നു.