വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

06:35 AM Jan 09, 2025 | Suchithra Sivadas

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്. രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.

പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടന്‍ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ സ്ഥലത്തെത്തി വിഷ്ണുവിനെ ചുമന്ന് വനപാതയിലെത്തിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ വിഷ്ണുവിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്കുള്ള യാത്രയിലായിരുന്നു വിഷ്ണു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.