കാഞ്ഞങ്ങാട് : ഉറങ്ങിക്കിടന്ന മാതാവിനെ മകൻ കുത്തിക്കൊല്ലാൻ ശ്രമിച്ചു. മാതാവ് തന്നെ മാനസികരോഗിയായി ചിത്രീകരിക്കുന്നുവെന്ന വൈരാഗ്യത്തിലായിരുന്നു ആക്രമണം. കാസർകോട് ഉപ്പള മണിമുണ്ടയിലാണ് സംഭവം. ഷമീം ബാനുവിനെയാണ് മകനായ മുഹ്സിൻ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മകൻ മുഹ്സിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഷമീമിൻ്റെ മുഖത്തും കഴുത്തിലും കൈയ്ക്കും കുത്തേറ്റു. ഇതിൽ ഷമീമിൻ്റെ മുഖത്ത് ഏറ്റ മുറിവ് ഗുരുതരമായതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
മുൻപ് ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് മുഹ്സിൻ ആക്രമണം നടത്തിയത്. പ്രതിയുടെ പ്രവൃത്തിക്ക് കാരണം ലഹരിയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ മാതാവിനെ ആക്രമിച്ച സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 34 വയസുകാരനായ മുഹ്സിൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.