കാസർകോട് : കുടുംബശ്രീ കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നും തദ്ദേശ ജനതയുടെ ഉന്നമനത്തിനായി നിലവില്‍ കുടുംബശ്രീ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതു കളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോര്‍ത്തിണക്കി കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ നേതൃത്ത്വത്തില്‍ ഗോത്ര കലാട്രൂപ് രൂപീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. കാറഗ തനതു പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു. നേഹിത ജന്‍ഡര്‍ സെന്ററില്‍ ഒരു ലക്ഷം പുസ്തകങ്ങളുടെ ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പുസ്തക സമാഹരണത്തിന്റെ പ്രകാശനം കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. എം കിഷോര്‍ കുമാറിന് പുസ്തകകങ്ങള്‍ നല്‍കി കൊണ്ട് എം.എല്‍.എ നിര്‍വ്വഹിച്ചു.
72 ഓളം കൊറഗ കുട്ടികള്‍ രചിച്ച 'ഒന്നാനാം കുന്നിന്മേല്‍ ഒരടി മണ്ണിന്മേല്‍' പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു.കൊറഗ പദ്ധതിയുടെ ഭാഗമായി ലിറ്റില്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ബഡ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പട്ടം നിര്‍മാണ പരിശീലനം നല്‍കിയ പ്രമോദ് ഇടത്തലയെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ തല ചക്ക ഫെസ്റ്റിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം കിഷോര്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ജില്ലയിലെ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രതീഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് മുനിസിപ്പാലിറ്റി സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം നന്ദിയും പറഞ്ഞു.