തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള 80 കോടിരൂപയില്‍ 50 കോടിയും നല്‍കുന്നത് സര്‍ക്കാരാണെന്നും ഇതിന് കുറവുവരുത്തണമെന്നും മന്ത്രി കെഎന്‍. ബാലഗോപാല്‍. കെഎസ്ആര്‍ടിസിയും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി കനകക്കുന്നില്‍ സംഘടിപ്പിച്ച 'ട്രാന്‍സ്പോ 2025' വാഹനപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിക്കുവേണ്ടി സര്‍ക്കാര്‍ ദിവസം നാലുകോടി രൂപ ചെലവിടുന്നുണ്ട്. കെഎസ്ആര്‍ടിസിയെക്കുറിച്ച് സാധാരണ നെഗറ്റീവ് സ്റ്റോറികളാണ് അധികംവരുന്നത്. ഇപ്പോള്‍ അതില്‍ മാറ്റമുണ്ട്. സ്ഥാപനം ജഡാവസ്ഥയിലല്ല, പുതിയ ഭാവത്തില്‍ മുന്നേറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
150 പുതിയ ബസുകള്‍കൂടി നിരത്തിലിറങ്ങുന്നതോടെ ദിവസവരുമാനത്തില്‍ 50 ലക്ഷം രൂപയുടെ വര്‍ധനയുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. നഷ്ടം കുറച്ചുകൊണ്ടുവരുകയാണ്. ബസുകളുടെ അനാവശ്യ ഓട്ടം നിയന്ത്രിക്കും. ബസ് ഡിപ്പോയില്‍ ഓടാതെ കിടന്നാലും, ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ കിടന്നുറങ്ങിയാലും കുഴപ്പമില്ല, ആ നഷ്ടമങ്ങ് സഹിക്കും - മന്ത്രി പറഞ്ഞു.വി.കെ. പ്രശാന്ത് എം.എല്‍.എ, കെഎസ്ആര്‍ടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.