ഇടുക്കി : ഭൂമി ദൗര്‍ലഭ്യത്തെ മറികടന്ന്, വ്യവസായ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി രൂപീകരിച്ച സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രകാരമുള്ള ജില്ലയിലെ ആദ്യ സംരംഭം മികച്ച വിജയം. തൊടുപുഴയ്ക്ക് സമീപം ഇളംദേശത്ത് ആരംഭിച്ച ജില്ലയിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് കൊണ്ടു വന്നത് ഏകദേശം 150 കോടിയുടെ നിക്ഷേപമാണ്. വുഡോണ്‍ എംഡിഎഫ് പാനല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴില്‍ 2024ല്‍ ആരംഭിച്ച ഈ വ്യവസായ പാര്‍ക്ക്, ദക്ഷിണേന്ത്യയില്‍ തന്നെ വുഡണ്‍ പാര്‍ട്ടിക്കള്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്ന വലിയ സ്ഥാപനങ്ങളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞു.
വെള്ളിയാമറ്റം പഞ്ചായത്തിലെ 14.39 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാനുള്ള അപേക്ഷ വുഡോണ്‍ എംഡിഎഫ് പാനല്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അപേക്ഷ പരിശോധിച്ച് കഴിഞ്ഞ വര്‍ഷം പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെര്‍മിറ്റ് അനുവദിച്ച് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും വ്യവസായ പാര്‍ക്കില്‍ എംഡിഎഫ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ വുഡണ്‍ പാര്‍ട്ടിക്കള്‍ ബോര്‍ഡ് നിര്‍മ്മിക്കുന്ന ഫാക്ടറി ഏകദേശം 150 കോടി രൂപ നിക്ഷേപം നടത്തി ആരംഭിച്ചു. പാര്‍ക്കിന്റെ സബ്‌സിഡി അപേക്ഷ ഇപ്പോള്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്.
തദ്ദേശീയമായി ശേഖരിക്കുന്ന റബര്‍ തടി ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് സംസ്‌കരിച്ച് വുഡണ്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദിനംപ്രതി ആറായിരത്തോളം ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്ന ഈ യൂണിറ്റില്‍ നൂറ്റിയെണ്‍പതോളം പേര്‍ തൊഴിലെടുക്കുന്നു. വിവിധ തരം നിര്‍മ്മാണ, ഡിസൈന്‍, പാക്കേജിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നുണ്ട് ഈ സ്ഥാപനം.കേരളമടക്കമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും വിതരണം ചെയ്യുന്ന ബോര്‍ഡുകള്‍ ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതാണ്.
വുഡണ്‍ പാര്‍ട്ടിക്കള്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് മേശകള്‍, അലമാരകള്‍, അടുക്കള കബോര്‍ഡുകള്‍, കമ്പ്യൂട്ടര്‍ ടേബിളുകള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാം. കൂടാതെ വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരയര്‍ വര്‍ക്കുകള്‍ ഈ ബോര്‍ഡുകള്‍ കൊണ്ട് ചെയ്യാനാകും.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022
*കേരള വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രശ്നം വ്യവസായ ഭൂമിയുടെ ദൗര്‍ലഭ്യമാണ്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022.
*പത്ത് ഏക്കര്‍ ഭൂമി അല്ലെങ്കില്‍ അതിലധികം ഭൂമിയുള്ള സംരംഭകര്‍, സഹകരണ സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
*ഭൂമിയുടെ മൂല്യം കണക്കിലെടുത്ത് ഒരു ഏക്കറിന് പരമാവധി 30 ലക്ഷം രൂപ, പരമാവധി 3 കോടി രൂപ വരെ ധനസഹായം ലഭിക്കും.
*കുറഞ്ഞത് 5 ഏക്കര്‍ വ്യവസായ ഭൂമിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ സ്ഥാപിക്കാനും സാധിക്കും.
*വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കുള്ള ചെലവിനും ധനസഹായം ലഭ്യമാക്കും.
അപേക്ഷ എങ്ങനെ
വ്യവസായ ഡയറക്ടര്‍ മുഖേന സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തലത്തില്‍ വകുപ്പുതല സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും. അനുമതി ലഭിച്ച വ്യവസായ ഭൂമിയ്ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് പരിധിയില്‍ വരുന്ന മുഴുവന്‍ ഡെവലപ്മെന്റ് റൂള്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.