
ന്യൂഡൽഹി: സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും മുഖ്യമന്ത്രി മോദിയെ അനുകരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.അഞ്ച് വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലയെന്നും സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസ്സിലാക്കും. നെൽ കർഷർക്ക് 130 കോടി കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേമ പ്രഖ്യാപനങ്ങൾ സിപിഐഎം-സിപിഐ തർക്കം മറയ്ക്കാനുള്ള ശ്രമമാണ്.
പിഎം ശ്രീയിൽ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല.തെറ്റ് പറ്റി എന്ന് സിപിഐഎം സമ്മതിച്ചുവെന്നും മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കണമെന്നും സിപിഐ ആശ്വസിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീയിൽ ഒപ്പിടുന്ന തീരുമാനം എങ്ങനെ വന്നു. മന്ത്രിസഭയിൽ മറച്ചു വെച്ചാണ് ഒപ്പിട്ടതെന്നും അതിന് ഉത്തരം കിട്ടണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പി എം ശ്രീ സിപിഐഎം ബിജെപി ഡീലിൻ്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചത് നിർണയ യോഗമാണ്. പറയാനുള്ളത് എല്ലാവരും യോഗത്തിൽ പറഞ്ഞുവെന്നും സുധാകരൻ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.വി ഡി സതീശൻ നേരത്തെ പോയത് വ്യക്തിപരമായ ആവശ്യം കൊണ്ട്. അദ്ദേഹം അറിയിച്ചിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.