കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ്-2025 ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു

07:25 PM Dec 18, 2024 | AVANI MV

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റിന്‍റെ (കെഎടിഎസ് 2025) ലോഗോ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ 2025 ഫെബ്രുവരി 5, 6 തീയതികളില്‍ നടക്കുന്ന സമ്മേളനം ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബ് എന്ന നിലയിലുള്ള കേരളത്തിന്‍റെ പ്രസക്തി അടയാളപ്പെടുത്തും. ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് കെഎടിഎസ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ പ്രധാന ഓട്ടോമോട്ടീവ് ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യം സമ്മേളനം മുന്നോട്ടുവയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും ഓട്ടോമോട്ടീവ് ഗവേഷണ-വികസന സൗകര്യങ്ങളും ഇവിടത്തെ പ്രത്യേകതകളാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി സ്പേസ്, ടാറ്റ എല്‍ക്സി, നിസാന്‍, ബ്ലൂ ബൈനറീസ്, വിസ്റ്റിയോണ്‍ തുടങ്ങി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ഓട്ടോമോട്ടീവ് കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ ഓട്ടോമോട്ടീവ് കമ്പനികളെ ആകര്‍ഷിക്കാന്‍ സമ്മേളനത്തിലൂടെ സാധിക്കും. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും ഇത് വഴിയൊരുക്കും.

കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിഷ്ണുരാജ് പി, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാന്‍ ജിജിമോന്‍ ചന്ദ്രന്‍, ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ചേഴ്സ് (ഒഇഎം), ടയര്‍-1 സപ്ലയേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ കെഎടിഎസ് 2025 ല്‍ പങ്കെടുക്കും. ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യാ ദാതാക്കളുടെ മുന്‍നിരയിലേക്കുള്ള കേരളത്തിന്‍റെ വളര്‍ച്ചാ സാധ്യതകള്‍ സമ്മേളനം പങ്കുവയ്ക്കും. കേരളത്തിന്‍റെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ഇലക്ട്രിക് വാഹന ഗവേഷണ മേഖല ബാറ്ററികള്‍, മോട്ടോറുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയ ഇലക്ട്രിക് വാഹന സാങ്കേതികതകള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും.