കൊച്ചി: ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോള്‍ ലീഗ് ആയ ഐഎസ്എല്‍ നടന്നുകൊണ്ടിരിക്കെ മൈതാനം കലാപരിപാടിക്ക് വിട്ടുകൊടുത്തത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും. ഇന്ത്യയിലെ തന്നെ മികച്ച മൈതാനമായി വിലയിരുത്തപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. രണ്ടാഴ്ചയെങ്കിലും കഴിയാതെ പിച്ച് പൂര്വസ്ഥിതിയിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കാനെന്ന പേരില്‍ ഡിസംബര്‍ 29 ന് 12,000 ഭരതനാട്യം നര്‍ത്തകര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ അണിനിരന്ന പരിപാടിയെ തുടര്‍ന്ന് പിച്ചിന് കേടുപാടുണ്ടായി. തിങ്കളാഴ്ച നെഹ്റു സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്സിക്കെതിരെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീം ആശങ്കയിലാണ്. ഈ മൈതാനത്ത് കളിച്ചാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പരിപാടിക്കായി മൈതാനം വിട്ടുകൊടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സ്റ്റേഡിയം നടത്തിപ്പുകാരായ ജിസിഡിഎയെ സ്വാധീനിച്ചാണ് മൃദംഗവിഷന് മൈതാനത്ത് പരിപാടി നടത്താന്‍ അവസരം നേടിയതെന്ന് റിപ്പോര്‍ട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് പരിപാടിയിലൂടെ സംഘാടകര്‍ കീശയിലാക്കിയത്. വിഷയത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രൊഷണല്‍ ലീഗ് നടക്കുന്ന മൈതാനം കലാപരിപാടിക്ക് വിട്ടുകൊടുക്കുകയെന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. കൊച്ചിയിലെ മൈതാനം നേരത്തേയും ഫുട്ബോള്‍ ക്രിക്കറ്റ് മത്സരങ്ങളെ ചൊല്ലി വിവാദത്തിലായിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച മൈതാനമായിട്ടും അത് പരിപാലിക്കുന്നതിലുണ്ടായ വീഴ്ച ബ്ലാസ്റ്റേഴിസനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
മൈതാനത്തിന് കേടുപാടുണ്ടായിട്ടുണ്ടെങ്കില് സംഘാടകരായ മൃദംഗവിഷനില്നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നാണ് ജിസിഡിഎയുടെ വിശദീകരണം. നൃത്ത പരിപാടിക്കിടെ ദിവ്യ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. പുല്‍ത്തകിടിയില്‍ കാരവന് കയറ്റിയതിനൊപ്പം ടച്ച് ലൈന്‍വരെ നര്‍ത്തകിമാര്‍ നിരന്ന് നില്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മൈതാനത്തിലെ പുല്‍ത്തകിടിക്ക് കേടുപാടുണ്ടാക്കിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.