കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ , ഇതുപോലെ ചെയ്യുന്നവരുടെ താടിയെല്ല് തകർക്കാൻ അനുവദിക്കണം; കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തെ രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

09:53 AM May 17, 2025 | Kavya Ramachandran


കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തെ രൂക്ഷമായി വിമർശിച്ച് സുരേഷ് ​ഗോപിയുടെ മകൻ  മാധവ് സുരേഷ്. സഹോദരൻ ​ഗോകുൽ സുരേഷിനൊപ്പം കാറിൽ യാത്ര ചെയ്യവേ ഉണ്ടായ അനുഭവം മുൻനിർത്തിയായിരുന്നു മാധവിന്റെ വിമർശനം. ​ഗുരുവായൂരിൽനിന്ന് മടങ്ങിവരുമ്പോൾ രണ്ട് ബസുകൾ തമ്മിലുണ്ടായ മത്സരയോട്ടം കാരണം തങ്ങളുടെ കാർ മരത്തിലിടിച്ച് അപകടത്തിൽപ്പെടുമായിരുന്നെന്ന് മാധവ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. രണ്ട് ബസുകൾ മത്സരിച്ചോടി അപകടമുണ്ടാവുന്നതിന്റെ വീഡിയോയും മാധവ് ഷെയർ ചെയ്തു.

"കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം.

കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്‍റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടമായേനെ. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ വച്ച് അപകത്തില്‍പ്പെട്ടു . അർദ്ധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാര്‍ ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്.

കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്‍റെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്." മാധവ് സുരേഷ് പ്രതികരിച്ചു .