കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ താരലേലം നാളെ നടക്കും

05:18 PM Jul 04, 2025 | Renjini kannur

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ താരലേലം നാളെ നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. കെ സി എല്ലിന്റെ ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നു എന്നതാണ് താരലേലത്തെ ആകർഷീയമാക്കുന്നത്. ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്.

സംവിധായകനും ട്രിവാൺഡ്രം റോയൽസ് ടീമിന്‍റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവരാണ് താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖർ. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്. ഐപിഎൽ - രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് കെ സി എൽ രണ്ടാം സീസണിനുള്ള താരലേലത്തിന്റെ പട്ടികയിലുള്ളത്.

എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക.

അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെൻ്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക.ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവാക്കാൻ കഴിയുക. ഓരോ ടീമും കുറഞ്ഞത് 16 താരങ്ങളെ സ്വന്തമാക്കണം. എന്നാൽ ടീമുകൾക്ക് പരമാവധി 20 താരങ്ങളെ വരെയെ ലേലത്തിൽ സ്വന്തമാക്കാൻ കഴിയൂ. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവു