
കേരളം ഇന്ന് നേടിയ അതിദാരിദ്രമുക്തമായ സംസ്ഥാനം എന്ന ചരിത്രനേട്ടം വൻ ജനപങ്കാളിത്തത്തോടെ, വകുപ്പകളുടെ ഏകോപനത്തോടെ ഒരുമിച്ചു നേടിയതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. കേരളത്തിന്റെ ശക്തമായ പ്രാദേശിക ഭരണ സംവിധാനവും അധികാര വികേന്ദ്രീകരണവും കാരണമാണ് ഈ മഹാദൗത്യം വിജയിപ്പിക്കാൻ സാധിച്ചത്. മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർ വരെയുള്ള രാഷ്ട്രീയ നേതൃത്വവും ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളാകെയും ഒറ്റക്കെട്ടായി ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചു. ‘കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം” ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായും, ലോകത്ത് ചൈനയ്ക്ക് ശേഷം രണ്ടാമത് ഈ നേട്ടം കൈവരിക്കുന്ന പ്രദേശമായും കേരളം ചരിത്രത്തിൽ ഇന്ന് ഇടം നേടിയിരിക്കുന്നു. കേരളപ്പിറവിയുടെ 69-ാം ജന്മദിനത്തിൽ, കേരളം ലോകത്തിന്റെ മുമ്പിൽ അഭിമാനമായി മാറി. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 2025 നവംബർ 1 നകം കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കാത്തവരെ അന്വേഷിച്ച്, തെരഞ്ഞുപിടിച്ച് കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് കേരളം ഈ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്.
വിപുലമായ ജനകീയ പങ്കാളിത്തത്തിന് അധിഷ്ഠിതമായ അതിസൂക്ഷ്മമായ ഒരു പ്രക്രിയയിലൂടെയാണ് 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. തദ്ദേശ സ്ഥാപന തലത്തിൽ വിവരശേഖരണം നടത്തി, വാർഡ് തലത്തിലുള്ള ജനകീയ സമിതികളും ഫോക്കസ് ഗ്രൂപ്പുകളും ചർച്ച ചെയ്യുകയും, ഗ്രാമസഭകൾ അംഗീകരിക്കുകയും, പിന്നീട് തദ്ദേശ ഭരണസമിതികൾ അംഗീകരിക്കുകയും ചെയ്തുകൊണ്ട്, ആരും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ഒരു കുറ്റമറ്റ പ്രക്രിയയാണ് അതിദരിദ്രരെ നിശ്ചയിക്കാൻ ഉപയോഗിച്ചത്. റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ് തുടങ്ങിയ ഒരു രേഖകളും കൈവശമില്ലാതിരുന്ന, ആരുടെയും കണ്ണിൽപെടാതിരുന്ന 'അദൃശ്യരായ മനുഷ്യരെ' തേടിയാണ് സർക്കാർ എത്തിയത്.
വികസനത്തിന്റെ നേട്ടം തനിയേ താഴെ എത്തുമെന്ന സമീപനം സ്വീകരിക്കാതെ, അതിദരിദ്രരായ മനുഷ്യരെ കൈപിടിച്ചുയർത്താൻ മൈക്രോ പ്ലാനുകൾ ആവിഷ്കരിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് മൈക്രോ പ്ലാൻ അധിഷ്ഠിതമായ പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും പ്രത്യേകം സൂക്ഷ്മ പദ്ധതികൾ ആവശ്യമാണെന്ന് സർക്കാർ കണ്ടത് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനവും പ്രവർത്തനത്തിൽ അണിനിരന്നു. ഈ ചരിത്രനേട്ടം മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ട് നവകേരളത്തിലേക്ക് നടത്തുന്ന ശ്രദ്ധേയമായ കാൽവായ്പ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.