
ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്ക്കാരം വളർത്തിയെടുക്കാനായി നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ കഴിഞ്ഞ വർഷങ്ങളിൽ 3.13 കോടി രൂപ നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടന്ന സ്റ്റേറ്റ് ഇന്നൊവേറ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന മേഖലകളായ കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്കരണം തുടങ്ങിയവയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ യുവ വിദ്യാർത്ഥികൾ മുന്നോട്ട് വരുന്നത് ഏറെ അഭിനന്ദനീയമാണ്. കഴിഞ്ഞവർഷം കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ആയിരം പ്രോജക്ടുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുത്തത് മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.
സംരംഭകത്വ അഭിനിവേശം പരിപോഷിപ്പിക്കാനായി കെഡിസ്ക്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയെല്ലാം കൈകോർത്തു പിടിച്ച് പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആശയവ്യക്തതയും ദിശാബോധവും പകർന്നുകൊണ്ട് വർത്തമാനകാല സാഹചര്യങ്ങളിൽ സമൂഹം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്നത്തിനും പരിഹാരം കാണാനുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.
എല്ലാ കലാലയങ്ങളിലും പോളിടെക്നിക്കുകളിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്നൊവേഷൻ ഇൻക്യുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം എന്നുള്ള നിർദേശം വ്യാപകമായ നിലയിൽ നൽകി കഴിഞ്ഞു. എല്ലാ പോളിടെക്നിക് കോളേജുകളിലും യങ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബുകളും രൂപീകരിക്കാനായി.
തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദായകരും തൊഴിൽ സൃഷ്ടാക്കളുമായി മാറാൻ യുവതീ യുവാക്കളെ സജ്ജരാക്കുകയാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെയും ഇത്തരത്തിലുള്ള സംരംഭങ്ങളിലൂടെയും ലക്ഷ്യമിടുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കിൽ ഗ്യാപ് നികത്താൻ ഇത് സഹായിക്കും. കുട്ടികളുടെ ജിജ്ഞാസയാണ് അറിവന്വേഷണത്തിന്റെ ഉത്തോലകം. ആ ജിജ്ഞാസയെ കെട്ടഴിച്ചു വിടാൻ പാകത്തിൽ പ്രചോദനം പകരുകയാണ് അധ്യാപകരുടെ ദൗത്യം. ആ റോളിലേക്ക് മാറാൻ അധ്യാപകർ തയ്യാറാകാൻ തുടങ്ങുന്നിടത്ത് മാത്രമേ പ്രതീക്ഷിക്കുന്ന രീതിയിലുള്ള മാറ്റം നമുക്ക് സൃഷ്ടിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ ഉന്നത നേട്ടം കൈവരിച്ച ജില്ലകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അദ്ധ്യാപകർക്കും മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ കെ ഡിസ്ക് മെമ്പർ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്ണൻ, എക്സിക്യുട്ടീവ് ഡയറക്ടർ സുധീപ് നായർ, സെൻട്രൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബീന എൽ എസ് തുടങ്ങിയവർ സംബന്ധിച്ചു.