'രാജ്യത്തെ ഏറ്റവും അധികം പി എസ് സി നിയമനങ്ങള്‍ നടത്തിയത് കേരളം'; അവകാശവാദവുമായി സര്‍ക്കാര്‍

05:55 AM Apr 21, 2025 | Suchithra Sivadas

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ലഘുലേഖ. ഒമ്പത് വര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങളാണ് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നാളെ തുടങ്ങാനിരിക്കെയാണ് വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ലഘുലേഖ പുറത്തിറക്കിയത്. ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് ലഘുലേഖയില്‍ ഓര്‍മ്മിപ്പിക്കുന്നത്.

നവകേരളത്തിന്റെ വിജയമുദ്രകള്‍ എന്ന പേരില്‍ ലഘുലേഖയ്ക്ക് പുറമേ ലഘുപുസ്തകവും ഉണ്ട്. അടിസ്ഥാന സൗകര്യ മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്‌തെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖയില്‍ അവകാശപ്പെടുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഇനിയും മുന്നേറാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. രാജ്യത്തെ ഏറ്റവും അധികം പി എസ് സി നിയമനങ്ങള്‍ നടത്തിയത് കേരളമാണെന്ന അവകാശവാദവും ഉണ്ട്.

ദാരിദ്ര്യ രഹിത കേരളം, മാലിന്യമുക്ത കേരളം തുടങ്ങിയ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിയാണ് ലഘുലേഖ. ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാനാണ് നിര്‍ദ്ദേശം. നാളെ കാസര്‍ഗോഡ് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മെയ് 30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിപണന മേളകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി മന്ത്രിമാരും പങ്കെടുക്കും.