കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

08:57 AM May 09, 2025 | Neha Nair

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. വേനൽചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ലഭിക്കുന്ന മഴ ആശ്വാസമാകുന്നുണ്ട്. ഇടക്കിടെ ലഭിക്കുന്ന മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മേയ് പതിമൂന്നാം തീയതിയോടെ കാലവർഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30 വരെ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തീര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

പാലക്കാട് ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.