
കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ( തിരുവനന്തപുരം) ഇവാലുവേഷന്‍ ഡിവിഷന് നടപ്പാക്കുന്ന സ്റ്റുഡന്റ്സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2025-'26-ലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ യുവ സ്കോളര്‍മാരില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും നയ അധിഷ്ഠിതവുമായ ഗവേഷണവും പ്രോത്സാഹിപ്പിക്കാന്‍ പ്രോഗ്രാം ലക്ഷ്യമിടുന്നു. കാലാവധി മൂന്നുമാസമാണ്.
മേഖലകള്‍
കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും; സഹകരണ സംഘങ്ങള്‍; വികേന്ദ്രീകരണവും സദ്ഭരണവും; ജനസംഖ്യാശാസ്ത്രവും പരിചരണ സമ്പദ്വ്യസ്ഥയും; ദുരന്തനിവാരണം; വിദ്യാഭ്യാസവും വിജ്ഞാന സമ്പദ് വ്യവസ്ഥയും; പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും; സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയും ധന സമാഹരണവും; ആരോഗ്യവും പോഷകാഹാരവും; വ്യവസായവും നവീനാശയങ്ങളും അടിസ്ഥാന സൗകര്യങ്ങളും; ഐടി ടൂറിസം കുടിയേറ്റം; ലേബര്‍ എംപ്ലോയ്മെന്റ് നൈപുണ്യ വികസനം; എംഎസ്എംഇകളും സംരംഭകത്വവും; ദാരിദ്ര്യവും ഉപജീവനവും; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും; സാമൂഹിക സുരക്ഷയും വികസനവും; സ്ത്രീ-ശിശു വികസനം; പൊതു നയം; സംസ്ഥാനത്തിന്റെ വികസനവും ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയം.
യോഗ്യത
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാല/കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം (അവസാന വര്‍ഷം/സെമസ്റ്റര്‍) പഠിക്കുന്നവരാകണം. ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, സോഷ്യോളജി, ഡിവലപ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഡെമോഗ്രാഫി, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, നിയമം, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് പോളിസി എന്നിവയിലൊന്നായിരിക്കണം, ബിരുദാനന്തരബിരുദം അല്ലെങ്കില്‍ പിഎച്ച്ഡി തലത്തിലെ വിഷയം.
അപേക്ഷ
വിജ്ഞാപനം അനുബന്ധം- I ആയി നല്‍കിയിട്ടുള്ള മാതൃകയില്‍ അപേക്ഷിക്കാം. 1500 വാക്കുകളുള്ള റിസര്‍ച്ച് പ്രൊപ്പോസല്‍ അപേക്ഷയോടൊപ്പം നല്‍കണം. റിസര്‍ച്ച് പ്രൊപ്പോസല്‍ ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിജ്ഞാപനത്തിന്റെ അനുബന്ധം-II ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍, വകുപ്പ് മേധാവിയുടെ ശുപാര്‍ശക്കത്തും പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധങ്ങളും internshipspb2025@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 30-ന് രാത്രി 11.59-നകം ലഭിക്കണം.
തിരഞ്ഞെടുപ്പ്, ആനുകൂല്യങ്ങള്‍
വ്യക്തിഗത അഭിമുഖത്തിന്റെയും സമര്‍പ്പിച്ച റിസര്‍ച്ച് പ്രൊപ്പോസലിന്റെ ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ബന്ധപ്പെട്ട ഗൈഡ് ഒപ്പിട്ട് അംഗീകരിച്ച അന്തിമ റിപ്പോര്‍ട്ട്, നിര്‍ദിഷ്ട ഫോര്‍മാറ്റില്‍, നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കണം.
പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ പിജി ഇന്റേണ്‍മാര്‍ക്ക് 24,000/ രൂപയും പിഎച്ച്ഡി ഇന്റേണ്‍മാര്‍ക്ക് 30,000/ രൂപയും ലഭിക്കും.