ധാക്ക : ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രിയും ബി.എൻ.പി അധ്യക്ഷയുമായ ഖാലിദ സിയയെ കൈക്കൂലിക്കേസിൽ സുപ്രീംകോടതി കുറ്റമുക്തയാക്കി. നേരത്തേ ഹൈകോടതി വിധിച്ച 10 വർഷ തടവിനെതിരെ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡോ. സയ്യിദ് രിഫാഅത് അഹ്മദിന്റെ തടവ് അസാധുവാക്കിയ വിധി.
സിയ ഓർഫനേജ് ട്രസ്റ്റിന്റെ പേരിൽ സർക്കാർ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ പാർട്ടി ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാനടക്കം മറ്റുള്ളവരെയും കുറ്റമുക്തരാക്കിയിട്ടുണ്ട്. വിചാരണ കോടതി എല്ലാവർക്കും ജയിൽ ശിക്ഷക്ക് പുറമെ വൻതുക പിഴയും നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഖാലിദ സിയക്ക് തടവുശിക്ഷ 10 വർഷമായി ഉയർത്തിയത്.
കുറ്റം ചുമത്തപ്പെട്ടവരിൽ ബി.എൻ.പി നേതാക്കളായ താരിഖ് സിദ്ദീഖി, മുഅ്മിനുർറഹ്മാൻ എന്നിവർ ഒളിവിലാണ്. 1991 -96 കാലയവളിലും 2001 -2006ലും പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ.